ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കുന്ന സേവനങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന്റെ ഭാഗമായി ജനന-മരണങ്ങള്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഒരുങ്ങുന്നു. ഇതിന് പുറമെ ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഡിജിറ്റലായി സ്മാര്‍ട്ട്‌ഫോണില്‍ സൂക്ഷിക്കാനുള്ള സാധ്യതയുമാണ് തെളിയുന്നത്.
ടെക്‌നോളജി സെക്രട്ടറിയുടെ പ്ലാന്‍ ഫോര്‍ ചേഞ്ച് പ്രകാരമാണ് സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള നീക്കങ്ങള്‍. പൊതുമേഖലയിലെ കമ്പ്യൂട്ടര്‍ സിസ്റ്റവും, സാങ്കേതികവിദ്യയുടെ ഉപയോഗവും ആധുനികവത്കരിക്കുന്നതിലൂടെ 45 ബില്ല്യണ്‍ പൗണ്ട് ലാഭിക്കാമെന്നാണ് പീറ്റര്‍ കൈല്‍ വ്യക്തമാക്കുന്നത്. ജനന, മരണങ്ങള്‍ നേരിട്ട് രജിസ്ട്രാറുടെ മുന്നില്‍ രജിസ്റ്റര്‍ ചെയ്യണമെന്നത് 1953-ലെ നിയമം അനുസരിച്ചാണ്.
ഇത് തിരുത്താനുള്ള പദ്ധതികള്‍ അവതരിപ്പിച്ച് പൊതുജനങ്ങള്‍ക്ക് അനായാസം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള വഴി തുറക്കുകയാണ് കൈല്‍. പൊതുസേവകര്‍ക്കും കാര്യങ്ങള്‍ ഇതുവഴി എളുപ്പമാകും. 'കഴിഞ്ഞ വര്‍ഷം എന്റെ പിതാവ് മരിച്ചപ്പോള്‍ പല സ്ഥങ്ങളില്‍ പോകേണ്ടി വന്നിരുന്നു. രജിസ്ട്രാറുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നതിന് മാത്രമാണ് ഇത് വേണ്ടിവന്നത്. ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നതാണ്. ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മേലും ഇത് കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്', കൈല്‍ പറയുന്നു.
ഡ്രൈവിംഗ് ലൈസന്‍സുകള്‍ ഡിജിറ്റലൈസ് ചെയ്ത് സ്മാര്‍ട്ട്‌ഫോണില്‍ ലഭ്യമാകുന്ന വിധത്തിലാക്കാനുള്ള പദ്ധതിയും ടെക്‌നോളജി സെക്രട്ടറി പ്രഖ്യാപിക്കും. മദ്യം വാങ്ങാന്‍ മുതല്‍ ആഭ്യന്തര വിമാനങ്ങളില്‍ കയറാന്‍ വരെ ഗവണ്‍മെന്റ് ആപ്പ് വഴി നല്‍കുന്ന ഡിജിറ്റല്‍ ലൈസന്‍സുകള്‍ പര്യാപ്തമാകും.