എന്‍എച്ച്എസിലെ ആധുനിക കാല ചിന്തകളെ ചോദ്യം ചെയ്ത് ഹെല്‍ത്ത് സെക്രട്ടറി. അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക് മടങ്ങിപ്പോകാനാണ് വെസ് സ്ട്രീറ്റിംഗ് ആവശ്യപ്പെടുന്നത്. എന്‍എച്ച്എസ് രേഖകളില്‍ നിന്നും 'സ്ത്രീകള്‍' എന്ന പദം മായ്ച്ച് കളയുന്നത് പോലുള്ള നടപടികളെയാണ് ഹെല്‍ത്ത് സെക്രട്ടറി ചോദ്യം ചെയ്യുന്നത്.
ഓരോ വര്‍ഷവും ഹെല്‍ത്ത് സര്‍വ്വീസില്‍ വൈവിധ്യാത്മകത ഉറപ്പാക്കാന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് ചെലവാക്കുന്നത്. ഏകദേശം 7.5 മില്ല്യണ്‍ ജനങ്ങള്‍ ചികിത്സയ്ക്കായി വെയ്റ്റിംഗ് ലിസ്റ്റില്‍ കാത്തിരിക്കുമ്പോഴാണ് ഇത്. ഇത്തരം പരിപാടികളില്‍ ശ്രദ്ധിക്കുന്നതിന് പകരം രോഗികളെ ചികിത്സിക്കുന്നതിലാണ് എന്‍എച്ച്എസ് ശ്രദ്ധിക്കേണ്ടതെന്ന് സ്ട്രീറ്റിംഗ് സണ്‍ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
ഇത്തരം വീഡ്ഢിത്തരങ്ങള്‍ക്ക് പിന്നാലെ പോകുന്നത് എന്‍എച്ച്എസ് അവസാനിപ്പിക്കണം. ചരിത്രത്തിലെ ഏറ്റവും മോശം പ്രതിസന്ധിയിലൂടെയാണ് ഹെല്‍ത്ത് സര്‍വ്വീസ് കടന്നുപോകുന്നത്. മറ്റ് ആശയങ്ങളുടെ പേരില്‍ അതിന് ശ്രദ്ധ മാറ്റാന്‍ കഴിയില്ല. എന്‍എച്ച്എസ് അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക് മടങ്ങണം, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് എന്‍എച്ച്എസിന്റെ തലതിരിവ് മാറ്റുമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 22 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ട് ലഭിച്ചിട്ടുണ്ടെന്നല്ലാതെ സര്‍വ്വീസ് മറ്റ് കാര്യങ്ങളില്‍ വിജയം കാണുന്നില്ലെന്നതാണ് അവസ്ഥ. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടി സമ്മാനിക്കുമെന്ന് ലേബര് ഗവണ്‍മെന്റിന് വ്യക്തമായി അറിയാം.