യുകെയിലെ എന്‍എച്ച്എസിന്റെ ഏറ്റവും വലിയ ശാപമാണ് ചികിത്സ പൂര്‍ത്തിയാക്കിയ ശേഷവും ആശുപത്രി വിട്ടുപോകാത്ത രോഗികള്‍. ഇത്തരക്കാര്‍ ബെഡുകള്‍ പിടിച്ചടക്കി വെച്ചിരിക്കുന്നതിനാല്‍ ചികിത്സ തേടിയെത്തുന്ന രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാതെ ആശുപത്രികള്‍ വിയര്‍ക്കുകയാണ്. ഏകദേശം 100,000 ബെഡുകളാണ് ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ പിടിച്ചുവെച്ചിരിക്കുന്നതെന്നാണ് കണക്കുകള്‍. ഈ ഘട്ടത്തിലാണ് എന്‍എച്ച്എസ് കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതമായിരിക്കുന്നത്. ആശുപത്രി വിട്ടുപോകാന്‍ ആരോഗ്യമുണ്ടായിരുന്നിട്ടും ആശുപത്രി ബെഡ് ഒഴിഞ്ഞുകൊടുക്കായിരുന്ന സ്ത്രീയെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്ത് പുറത്താക്കിയത്. ഇവരെ കെയര്‍ ഹോമിലേക്കാണ് മാറ്റിയത്. 2023 ഏപ്രില്‍ 14നാണ് നോര്‍ത്താംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ സെല്ലുലൈറ്റിസ് ചികിത്സിക്കായി 35-കാരി ജെസ്സിയെ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ഇതിന് ശേഷം രോഗിയെ പുറത്താക്കാന്‍ ചെലവേറിയ നിയമനടപടിയാണ് സ്വീകരിക്കേണ്ടി വന്നത്. ചികിത്സ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയായെങ്കിലും ഇവര്‍ക്ക് പോകാന്‍ ഇടമില്ലാതെ പോയതാണ് പ്രശ്‌നമായത്. ഇവരുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയാത്തതിനാല്‍ മുന്‍ നഴ്‌സിംഗ് ഹോമിലേക്ക് മടങ്ങാനും കഴിഞ്ഞില്ല. ഗുരുതരമായ സ്‌കിന്‍ ഇന്‍ഫെക്ഷന്‍ മാറിയെങ്കിലും ഏതാണ്ട് 550 ദിവസങ്ങളാണ് ആറ് ബെഡ് വാര്‍ഡില്‍ ജെസി കഴിഞ്ഞത്. അപകടകരമായ മാനസികാവസ്ഥയുള്ള ജെസ്സിയെ സഹായിക്കാന്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഒടുവില്‍ എന്‍എച്ച്എസ് ഹൈക്കോടതിയെ സമീപിച്ചാണ് ആശുപത്രിയില്‍ നിന്നും ഒഴിവാക്കാന്‍ ഉത്തരവ് നേടിയത്. കെയര്‍ സിസ്റ്റത്തിലെ പ്രതിസന്ധിയും ഇത് എന്‍എച്ച്എസിനെ ബാധിക്കുന്നതിന്റെയും ഉത്തമ ഉദാഹരണമാണ് ഈ സംഭവം.