യുകെയില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ അനധികൃതമായി ജോലി ചെയ്തതിന് പിടിയിലായത് 4000-ഓളം കുടിയേറ്റക്കാര്‍. നെയില്‍ ബാറുകളും, കാര്‍ വാഷും, ടേക്ക്എവെകളും ഉള്‍പ്പെടെ 5400-ലേറെ ബിസിനസ്സുകളിലാണ് ബോര്‍ഡര്‍ സ്റ്റാഫിന്റെ റെയ്ഡ് നടന്നത്.
പിടിയിലായവരില്‍ 3930 പേരും ചെറുബോട്ടുകളിലെത്തിയ അനധികൃത കുടിയേറ്റക്കാരോ, വിസാ കാലാവധി കഴിഞ്ഞ് തുടര്‍ന്നവരോ ആണെന്നാണ് ഞെട്ടിക്കുന്ന വിവരം. പണം കൈയില്‍ കിട്ടുന്ന ജോലികളില്‍, വളരെ മോശം അവസ്ഥകളിലാണ് ഇവര്‍ ജോലി ചെയ്ത് വന്നിരുന്നത്.
അതേസമയം അനധികൃത ജോലിക്കാരെ ജോലിക്ക് വെച്ച സ്ഥാപനങ്ങള്‍ക്ക് ഓരോ ജോലിക്കാര്‍ക്ക് 60,000 പൗണ്ട് വരെയാണ് പിഴ. കഴിഞ്ഞ ജൂലൈ മുതല്‍ 1090 സിവില്‍ പെനാല്‍റ്റി നോട്ടീസുകളും നല്‍കിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ ചൂഷണം ചെയ്യുന്ന പരിപാടി നടപ്പിലാക്കുന്ന എംപ്ലോയേഴ്‌സിനെ ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ രൂക്ഷമായി വിമര്‍ശിച്ചു.
ഒരു തരത്തില്‍ ഇത്തരത്തില്‍ ജോലി ചെയ്യാന്‍ അവസരം ലഭിക്കുമെന്നതാണ് ചെറുബോട്ടുകളില്‍ കയറിയുള്ള അനധികൃത കുടിയേറ്റക്കാരുടെ വരവ് വര്‍ദ്ധിപ്പിച്ചതെന്നാണ് ഹോം സെക്രട്ടറിയുടെ ആരോപണം. എന്നാല്‍ ടോറികള്‍ നടപ്പാക്കിയ റുവാന്‍ഡ നാടുകടത്തല്‍ പ്ലാന്‍ റദ്ദാക്കിയ ഗവണ്‍മെന്റ് പുതിയ പദ്ധതി പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതമാകുകയാണ്.
പ്രത്യേകിച്ച് റിഫോം യുകെയുടെ ജനപ്രീതി വര്‍ദ്ധിക്കുന്നത് ലേബര്‍ ഗവണ്‍മെന്റിന് വലിയ തിരിച്ചടിയാണ്. മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ത്ത് വരവ് കുറയ്ക്കാമെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ മോഹിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇതിനകം ആയിരത്തിലേറെ അനധികൃത കുടിയേറ്റക്കാര്‍ ചാനല്‍ കടന്നെത്തിയെന്ന കണക്ക് ഈ മോഹത്തിന് തിരിച്ചടിയാണ്. എംപിമാര്‍ ബോര്‍ഡേഴ്‌സ് ബില്‍ ചര്‍ച്ച ചെയ്യാന്‍ ഇരിക്കവെയാണ് കണക്കുകള്‍ പുറത്തുവരുന്നത്.