ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങളെ മഹാമാരിക്ക് മുന്‍പും, പിന്‍പും എന്ന് വേര്‍തിരിച്ച് പറയാവുന്ന ഘട്ടത്തില്‍ എത്തിക്കഴിഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. മഹാമാരിക്ക് മുന്‍പ് നല്‍കിയ സേവനങ്ങള്‍ക്ക് തുല്യമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എന്‍എച്ച്എസിന് കഴിയുന്നില്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ ഒഎന്‍എസ് പങ്കുവെയ്ക്കുന്നത്.
കൊവിഡ് മഹാമാരി ആഞ്ഞടിക്കുന്നതിന് മുന്‍പ് നല്‍കിയ സേവനങ്ങളില്‍ നിന്നും 20 ശതമാനം ഉത്പാദനക്ഷമത കുറഞ്ഞ നിലയിലാണ് എന്‍എച്ച്എസ് പ്രവര്‍ത്തിക്കുന്നതെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് വ്യക്തമാക്കുന്നത്. അതായത് നികുതിദായകന്‍ ചെലവാക്കുന്ന തുകയ്ക്ക് അനുസരിച്ചുള്ള പ്രവര്‍ത്തനം എന്‍എച്ച്എസിന് കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നില്ലെന്ന് തന്നെ!
ജീവനക്കാര്‍ക്കും, കെട്ടിടങ്ങള്‍ക്കും, ഉപകരണങ്ങള്‍ക്കുമായി ചെലവഴിക്കുന്ന നികുതി പണത്തിന് തത്തുല്യമായ സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ലെന്നാണ് ഒഎന്‍എസ് പറയുന്നത്. ഹെല്‍ത്ത് സര്‍വ്വീസിന്റെ മികവിലുണ്ടായ ഇടിവാണ് രോഗികള്‍ക്ക് ലഭിക്കുന്ന സേവനങ്ങളില്‍ കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ദുരിതത്തിന് ഇടയാക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
യാഥാര്‍ത്ഥ്യം വ്യക്തമായതോടെ എന്‍എച്ച്എസ് മേധാവികളെ 'തീയ്ക്ക് മുകളില്‍ നിര്‍ത്താനാണ്' ഗവണ്‍മെന്റിനോട് ഒഎന്‍എസ് ആവശ്യപ്പെടുന്നത്. ഉദ്യോഗസ്ഥതല പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി പണം ചെലവാക്കുന്നത് നിയന്ത്രിച്ച് സുപ്രധാനമായ മെച്ചപ്പെടുത്തലുകള്‍ വരുത്തണമെന്നാണ് അധികൃതര്‍ ഉപദേശിക്കുന്നത്.
കഴിഞ്ഞ ബജറ്റില്‍ രണ്ട് വര്‍ഷത്തേക്ക് ദൈനംദിന ചെലവുകള്‍ക്കായി 22.6 ബില്ല്യണ്‍ പൗണ്ട് അധികം അനുവദിച്ചിരുന്നു. അടിസ്ഥാന ബജറ്റില്‍ 3.1 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധനവും നല്‍കി. എന്നാല്‍ 2024-ലെ മൂന്നാം പാദത്തില്‍ ഉത്പാദനക്ഷമത 2.4 ശതമാനം കുറയുകയാണ് ചെയ്തതെന്ന് ഒഎന്‍എസ് ചൂണ്ടിക്കാണിക്കുന്നു. 2019-ല്‍ മഹാമാരി ആഞ്ഞടിക്കുന്നതിന് മുന്‍പുള്ള പാദത്തില്‍ നിന്നും 18.5 ശതമാനം ഇടിവും സേവനങ്ങളില്‍ നേരിട്ടു.