ആഴ്ചയില്‍ അഞ്ച് ദിവസം ജോലിക്ക് പോകുന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള പണിയാണ്. അങ്ങനെയുള്ളപ്പോഴാണ് അഞ്ച് ദിവസമെന്നത് നാല് ദിവസമാക്കി കുറയ്ക്കാന്‍ ചില സ്ഥാപനങ്ങള്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ ഭൂരിഭാഗം സ്ഥാപനങ്ങളും ഈ വഴിക്ക് നീങ്ങിയിട്ടുമില്ല. ഈ അവസരത്തിലാണ് എല്ലാ ജോലിക്കാര്‍ക്കും നാല് പ്രവൃത്തിദിനങ്ങളായി ചുരുക്കുന്നതിനെ അനുകൂലിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ എംപിമാര്‍ രംഗത്ത് വന്നിരിക്കുന്നത്.
ജോലിക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ഈ നീക്കം ഹൗസ് ഓഫ് കോമണ്‍സില്‍ പ്രതിഷേധത്തിന് ഇടയാക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടനിലെ ജോലിക്കാര്‍ക്ക് നാല് പ്രവൃത്തിദിനങ്ങളിലേക്ക് ചുരുക്കുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ ഒരു സംഘത്തെ നിയോഗിക്കണമെന്ന് ലേബര്‍ എംപിമാരും, ഗ്രീന്‍ എംപിയും ആവശ്യപ്പെട്ടിട്ടുണ്ട്.
എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്ലിലെ ഈ ഭേദഗതിക്ക് ബാക്ക്‌ബെഞ്ചേഴ്‌സിന്റെ പിന്തുണയുണ്ട്. ഇത് വിജയിച്ചാല്‍ പദ്ധതി പരിശോധിക്കാന്‍ വിദഗ്ധരുടെ പാനല്‍ രൂപീകരിക്കും. ഇവരാകും അഞ്ചില്‍ നിന്നും നാലായി ജോലി ദിവസങ്ങള്‍ ചുരുക്കുന്നതും, ഇതില്‍ ശമ്പളത്തെ ബാധിക്കാതെ എങ്ങനെ നോക്കണമെന്നും നിര്‍ദ്ദേശിക്കുക.
എംപ്ലോയ്‌മെന്റ് റൈറ്റ്‌സ് ബില്‍ നിലവില്‍ കോമണ്‍സിന്റെ പരിഗണനയിലാണ്. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഇത് പരിശോധിക്കുന്നത്. സീറോ അവര്‍ കോണ്‍ട്രാക്ട് നിരോധിക്കുന്നത് ഉള്‍പ്പെടെ പുതിയ സംരക്ഷണങ്ങളാണ് ഈ കരാറില്‍ ഉള്‍പ്പെടുന്നത്. കൂടാതെ പുറത്താക്കിയ ശേഷം വീണ്ടും തിരിച്ചെടുക്കുന്നത് പോലുള്ള തന്ത്രങ്ങള്‍ക്കും നിയന്ത്രണം വരും.
എന്നാല്‍ ഫ്രഞ്ച് രീതിയില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്ന് ടോറികള്‍ മുന്നറിയിപ്പ് നല്‍കുന്നു. കൂടാതെ നിയന്ത്രണങ്ങള്‍ കൂടുന്നത് സ്ഥാപങ്ങളെ സമ്മര്‍ദത്തിലാക്കുകയും തൊഴിലവസരങ്ങളെ ബാധിക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.