എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നമ്മുടെയൊക്കെ ജീവന്‍ സംരക്ഷിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. എന്നാല്‍ വീഴ്ചകളില്‍ നിന്നും പാഠം പഠിക്കാതെ മുന്നോട്ട് പോയി കൂടുതല്‍ ജീവനുകള്‍ എടുക്കുന്നതിലാണ് ചില എന്‍എച്ച്എസ് ട്രസ്റ്റുകളുടെ ശ്രദ്ധ. ഇത്തരത്തില്‍ ഗുരുതരമായ വീഴ്ചകള്‍ മൂലം മൂന്ന് കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് 1.5 മില്ല്യണ്‍ പൗണ്ട് പിഴയാണ് കോടതി വിധിച്ചിരിക്കുന്നത്.
മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ തങ്ങളുടെ മറ്റേണിറ്റി യൂണിറ്റില്‍ സുരക്ഷിതമായ പരിചരണവും, ചികിത്സയും നല്‍കുന്നതില്‍ വീഴ്ച വന്നതായി എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയതോടെയാണ് ഡിസ്ട്രിക്ട് ജഡ്ജ് പിഴ ചുമക്കിയത്. 2021-ല്‍ 14 ആഴ്ചയ്ക്കിടെ ക്വിന്‍ പാര്‍ക്കര്‍, അഡേല്‍ ഒ'സള്ളിവന്‍, കഹ്ലാനി റോസണ്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് മരിച്ചത്.
മരണത്തിലേക്ക് നയിച്ചത് ഒഴിവാക്കാന്‍ കഴിയുമായിരുന്ന വീഴ്ചകളാണെന്ന് വ്യക്തമായതോടെ ഡിസ്ട്രിക്ട് ജഡ്ജ് വിഷയത്തെ അപലപിച്ചു. എന്‍എച്ച്എസ് മറ്റേണിറ്റി കെയറിലെ ഏറ്റവും വലിയ അന്വേഷണം നേരിടുകയാണ് എന്‍യുഎച്ച്. ആവശ്യമായ പരിചരണം നല്‍കുന്നതിലുണ്ടായ വീഴ്ചയ്ക്ക് പുറമെ കുഞ്ഞുങ്ങളെയും, അമ്മമാരെയും ഗുരുതരമായ അപകടത്തില്‍ പെടുത്തിയതിനും ഉള്‍പ്പെടെയാണ് കേസുകള്‍ ചുമത്തിയിരുന്നത്.
കെയര്‍ ക്വാളിറ്റി കമ്മീഷന്‍ രണ്ട് തവണ ഈ ട്രസ്റ്റിനെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ട്. 2023-ല്‍ ഒരു കുഞ്ഞിന്റെ മരണത്തില്‍ ഉണ്ടായ വീഴ്ചകളുടെ പേരില്‍ 800,000 പൗണ്ട് പിഴയും ഈടാക്കിയിരുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും, മിഡ്‌വൈഫുമാരെയും വിശ്വസിച്ചാണ് നില്‍ക്കുന്നതെന്നും, തങ്ങളുടെ കുഞ്ഞുങ്ങളെ സുരക്ഷിതമായി പുറത്തെടുക്കുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുവെന്നും നോട്ടിംഗ്ഹാം മജിസ്‌ട്രേറ്റ്‌സ് കോടതിയിലെ ഡിസ്ട്രിക്ട് ജഡ്ജ് ചൂണ്ടിക്കാണിച്ചു.