CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes Ago
Breaking Now

ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസില്‍ ലയിക്കാന്‍ ഒരുങ്ങി ഒഐസിസി അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ച് സാം പിത്രോദ

ലണ്ടന്‍/ഡല്‍ഹി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷക സംഘടനകളില്‍ ഒന്നായ ഐഒസി (ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്), കെപിസിസിയുടെ പോഷക സംഘടനകളില്‍ ഒന്നായ ഒഐസിസി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) എന്നിവ തമ്മില്‍ ലയനത്തിന് തയ്യാറെടുക്കുന്നു. ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍ ഒഐസിസി പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന എഐസിസി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉള്‍പ്പടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും യുഎസ് ഉള്‍പ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങള്‍ ഐഒസിയില്‍ ലായിക്കാന്‍ തയ്യാറെടുക്കുന്നത്.

പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനാണ് ഇത്തരം ഒരു നീക്കം. ഗള്‍ഫ് രാജ്യങ്ങളില്‍ കെപിസിസിയുടെ മേല്‍നോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകള്‍ മലയാളികള്‍ക്കിടയില്‍ വ്യാപകമായുള്ളത്. എന്നാല്‍ യുഎസ്, യുകെ, ജര്‍മനി, അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളില്‍ ഐഒസിക്കാണ് കൂടുതല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ പേരില്‍ ചാപ്റ്റര്‍ യൂണിറ്റുകള്‍ ഉള്ളത്. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ ഇവിടങ്ങളില്‍ സന്ദര്‍ശനത്തിന് എത്തുന്നതും ഐഒസിയുടെ ക്ഷണം സ്വീകരിച്ചാണ്. എന്നാല്‍ കെപിസിസി നേതാക്കള്‍ ഒഐസിസി പരിപാടികളില്‍ മാത്രം പങ്കെടുത്താണ് മടങ്ങുന്നത്.

ഇത് സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പത്തിന്  ഇട വരുത്തിയിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലാണ് ഗള്‍ഫ് ഒഴികെയുള്ള രാജ്യങ്ങളില്‍ ഒഐസിസി പ്രവര്‍ത്തങ്ങള്‍ നിര്‍ത്തി വയ്ക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കെപിസിസിക്ക് നിര്‍ദ്ദേശം നല്‍കിയത്. എഐസിസി പ്രസിഡന്റിന്റെ അനുവാദത്തോടെ ഇത്തരം ഒരു നിര്‍ദ്ദേശം നല്‍കിയതിന് ഐഒസിയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോദ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ചു. ഒഐസിസിക്ക് വിവിധ രാജ്യങ്ങളിലെ ഐഒസി കേരള ചാപ്റ്ററുകളുമായി ലയനം നടത്തി പ്രവര്‍ത്തനം തുടരാവുന്നതാണെന്നും സാം പിത്രോദ അറിയിച്ചു.

ലയന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഒരു ഏകോപന സമിതിയേയും പ്രഖ്യാപിച്ചിട്ടുണ്ട്. ലയന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കണമെന്ന് വിവിധ രാജ്യങ്ങളിലെ ഐഒസി ദേശീയ കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ജോര്‍ജ് എബ്രഹാം, മഹാദേവന്‍ വാഴശ്ശേരില്‍, ജോയി കൊച്ചാട്ട് എന്നിവരാണ് ഏകോപനസമിതി അംഗങ്ങള്‍. ഇത് സംബന്ധിച്ച അറിയിപ്പിന്റെ പകര്‍പ്പ് ഐഒസിയുടെ ഐഐസിസി സെക്രട്ടറി ഇന്‍ചാര്‍ജ് ആരതി കൃഷ്ണന്‍, ഐഒസി ഗ്ലോബല്‍ കമ്മിറ്റി ഭാരവാഹികള്‍, ഏകോപന സമിതി അംഗങ്ങള്‍, ഗ്ലോബല്‍ കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ അനുര മത്തായി എന്നിവര്‍ക്ക് സാം പിത്രോദ കൈമാറിയിട്ടുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.