ബര്‍മിംഗ്ഹാമില്‍ ബിന്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചതോടെ നഗരത്തിലെ തെരുവുകളില്‍ മാലിന്യക്കൂമ്പാരം. നഗരത്തെ യൂണിയന്‍ ബന്ദിയാക്കുകയാണെന്ന് കൗണ്‍സില്‍ ആരോപിച്ചു.
ജനുവരി മുതല്‍ ഏതാനും സമരങ്ങള്‍ നടത്തിയ ബര്‍മിംഗ്ഹാമിലെ നാനൂറോളം വരുന്ന ബിന്‍ ജോലിക്കാര്‍ ചൊവ്വാഴ്ച രാവിലെ 6 മുതല്‍ സമ്പൂര്‍ണ്ണ പണിമുടക്ക് ആരംഭിക്കുകയായിരുന്നു. ചില ജോലികള്‍ നിര്‍ത്തലാക്കിയതിന്റെ പേരിലുള്ള തര്‍ക്കങ്ങളാണ് ഈ അവസ്ഥയിലേക്ക് എത്തിച്ചത്. ഏകദേശം 1 മില്ല്യണിലേറെ ജനങ്ങളെയാണ് പ്രശ്‌നം ബാധിക്കുക.
നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മാലിന്യ ബിന്നുകള്‍ നിറഞ്ഞുകവിഞ്ഞതിന്റെയും, തെരുവുകളില്‍ മാലിന്യ ബാഗുകള്‍ കുന്നുകൂടുന്നതിന്റെയും വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇതുമൂലം എലികളുടെ ശല്യവും വര്‍ദ്ധിച്ചു. പ്രശ്‌നം എത്രയും വേഗം അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കൗണ്‍സില്‍ സിറ്റി ഓപ്പറേഷന്‍സ് സ്ട്രാറ്റജിക് ഡയറക്ടര്‍ ക്രെയ്ഗ് കൂപ്പര്‍ പറഞ്ഞു. എന്നാല്‍ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ചകള്‍ക്ക് പോലും തയ്യാറാകുന്നില്ലെന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം.
'അവര്‍ ഞങ്ങളെയും, താമസക്കാരെയും ബന്ദികളാക്കുകയാണ്. പ്രദേശവാസികളുടെ രോഷം മനസ്സിലാകും. ആധുനികവും, സുസ്ഥിരവും, ആശ്രയിക്കാവുന്നതുമായ സര്‍വ്വീസ് സൃഷ്ടിക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയുന്നുണ്ട്. ഏറെ നാളായി സര്‍വ്വീസിന്റെ പ്രവര്‍ത്തനം പര്യാപ്തമല്ല', കൂപ്പര്‍ പറയുന്നു.
എന്നാല്‍ കൗണ്‍സിലിന്റെ ആരോപണം നിഷേധിച്ച യുണൈറ്റ് യൂണിയന്‍ തങ്ങളുടെ ആവശ്യം ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സിലിന് വ്യക്തമായി അറിയാമെന്നും ചൂണ്ടിക്കാണിക്കുന്നു. അവരാണ് നഗരത്തെ ബന്ദികളാക്കുന്നതെന്ന് യൂണിയനിലെ സോയ് മായോവ് പറഞ്ഞു. ബിന്‍ തൊഴിലാളികള്‍ സമരം ചെയ്യുന്ന സാഹചര്യത്തില്‍ ഏജന്‍സി ബിന്‍ ജോലിക്കാരെ ഇറക്കി പ്രതിരോധിക്കാനാണ് കൗണ്‍സിലിന്റെ ശ്രമം. ഇതിന് പോലീസ് സംരക്ഷണം കൂടി തേടിയതോടെ യൂണിയന്‍ രോഷം ഇരട്ടിയായി. മാലിന്യനീക്കം പതിവ് പോലെ നടക്കുമെങ്കിലും കളക്ഷന് സമയം അധികം വേണ്ടിവരുമെന്ന് കൗണ്‍സില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.