റിസര്‍വ് ബാങ്കിന്റെ പേരില്‍ നടത്തിയ സൈബര്‍ തട്ടിപ്പില്‍ മലപ്പുറം സ്വദേശിക്ക് നഷ്ടമായത് 20 ലക്ഷം രൂപ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ വൗച്ചര്‍ സമ്മാനമായി ലഭിച്ചു എന്ന പറഞ്ഞാണ് സംഘത്തിന്റെ തട്ടിപ്പ്. വിശ്വാസ്യതയ്ക്കായി ഇവര്‍ ഒരു വൗച്ചറും അയച്ചു നല്‍കിയിരുന്നുവെന്ന് സൈബര്‍ പൊലീസ് വ്യക്തമാക്കി.
'റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനമായി ലഭിച്ചിരിക്കുന്നു', എന്ന് സന്ദേശത്തോടെയാണ് തട്ടിപ്പിന്റെ ആരംഭം. പിന്നാലെ വൗച്ചര്‍ അയച്ചു നല്‍കുകയും സമ്മാനം ലഭിക്കാനായി വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ചേരാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇതില്‍ ചേര്‍ന്നാല്‍ ഉടന്‍ സമ്മാനത്തിന്റെ ജിഎസ്ടി അടയക്കാനായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അടയ്ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്ന് പല കാരണങ്ങള്‍ പറഞ്ഞ് കൂടുതല്‍ പണം തട്ടും. പിന്നാലെ സമ്മാനം വാങ്ങുന്നത് നിയവിരുദ്ധമായാണെന്ന് പറഞ്ഞ് സിബിഐ എന്‍ഐഎ തുടങ്ങിയ മന്ത്രാലയങ്ങളിലെന്ന് അവകാശപ്പെട്ട് തട്ടിപ്പുക്കാര്‍ വിളിക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും. ഇത്തരം തട്ടിപ്പുകളില്‍പ്പെടാതെ ജാഗ്രതയോടെ ജനങ്ങള്‍ പെരുമാറണമെന്നും സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ മുന്‍കൂറായി പണം നല്‍കേണ്ട ആവശ്യമില്ലായെന്നും പൊലീസ് അറിയിച്ചു.
തട്ടിപ്പ് നടന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറണമെന്നും പൊലീസ് ആവശ്യപ്പെട്ടു. തട്ടിപ്പ് നടന്നെന്ന് തോന്നിയാല്‍ ഒരു മണിക്കൂറിനുള്ളില്‍ വിവരം അറിയിച്ചാല്‍ പണം തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.