എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിനിരത്തുന്നതായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. ലോകത്തിലെ ഏറ്റവും വലിയ ഉദ്യോഗസ്ഥ വൃന്ദത്തെ വെട്ടിനിരത്തുന്നത് വഴി പ്രതിവര്‍ഷം ലക്ഷക്കണക്കിന് പൗണ്ട് ലാഭിച്ച് ഇത് രോഗികള്‍ക്കായി വിനിയോഗിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ജോലികള്‍ തന്നെ എന്‍എച്ച്എസ് ഇംഗ്ലണ്ടിലും നടക്കുന്നുവെന്നാണ് ഗവണ്‍മെന്റ് പറയുന്നത്.
രണ്ട് സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന 18,600 ഓഫീസ് ജീവനക്കാരില്‍ പകുതിയോളം പേരെയാണ് പിരിച്ചുവിടുന്നത്. ഈ ഫണ്ട് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫ്രണ്ട്‌ലൈന്‍ സേവനങ്ങള്‍ എന്നിവയ്ക്കായി വിനിയോഗിക്കും. ഇതുവഴി വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിച്ചുരുക്കാനും, സേവനങ്ങള്‍ മെച്ചപ്പെടുത്താനും കഴിയുമെന്ന് കീര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ഈ പുനഃസംഘടന എന്‍എച്ച്എസിനെ മാറ്റിമറിക്കുമെന്നാണ് മന്ത്രിമാരുടെ നിലപാട്. ഇതുവഴി രോഗികളുടെ പരിചരണത്തില്‍ ശ്രദ്ധിക്കുന്നതിലേക്ക് ഹെല്‍ത്ത് സര്‍വ്വീസ് തിരിച്ചെത്തുമെന്നും ഇവര്‍ പറയുന്നു. എന്‍എച്ച്എസ് തുല്യതാ സ്‌കീമുകളുടെ എണ്ണം കുറയ്ക്കുന്നതാണ് പ്രധാനമായും ലാഭം സമ്മാനിക്കുന്നത്. ചില സ്‌കീമുകള്‍ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടെങ്കിലും, പലതും വഴിതെറ്റിയ അവസ്ഥയിലാണെന്ന് മന്ത്രിമാര്‍ കരുതുന്നു.
പ്രൈവറ്റ് സെക്ടറിനെ കൂടുതലായി പ്രയോജനപ്പെടുത്താന്‍ ഈ പരിഷ്‌കാരങ്ങള്‍ സഹായിക്കുമെന്നും മന്ത്രിമാര്‍ വിശ്വസിക്കുന്നു. എന്നാല്‍ ഒരു ദശകത്തിനിടെയുള്ള ഏറ്റവും വലിയ പരിഷ്‌കാരം മാനേജര്‍മാരുടെ ശ്രദ്ധ തെറ്റിക്കുകയും, രോഗികള്‍ക്ക് തടസ്സങ്ങള്‍ സംഭാവന ചെയ്യുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്‍എച്ച്എസ് ഇംഗ്ലണ്ടാണ് ഹെല്‍ത്ത് സര്‍വ്വീസിനെ കൈകാര്യം ചെയ്യുന്നത്. കൂടാതെ ലോക്കല്‍ ഹെല്‍ത്ത് ബോഡികള്‍ക്കുള്ള 192 ബില്ല്യണ്‍ പൗണ്ട് അനുവദിക്കുന്നതും, നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതും എന്‍എച്ച്എസ് ഇംഗ്ലണ്ട് തന്നെ. പുതിയ വെട്ടിനിരത്തലിലൂടെ ഈ സര്‍വ്വീസിനെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് തിരികെ കെട്ടുകയാണ് സ്റ്റാര്‍മര്‍.