പെരുമ്പിലാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിഖില്‍, ആകാശ്, ബാദുഷ, ലിഷോയ് എന്നിവരാണ് പിടിയിലായത്. മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയില്‍ ലഹരിമാഫിയ സംഘാംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂര്‍ സ്വദേശി കൊട്ടിലിങ്ങല്‍ വീട്ടില്‍ അക്ഷയ് (കൂത്തന്‍-28) കൊല്ലപ്പെട്ടത്.
അക്ഷയിയെ ഒഴിവാക്കി ബാദുഷയും അഖിലും ഒരു റീല്‍ ചിത്രീകരിച്ചിരുന്നു. ഡോണ്‍ ആയി അഭിനയിച്ചുകൊണ്ടുള്ള റീലായിരുന്നു ചിത്രീകരിച്ചത്. അതില്‍ നിന്നും തന്നെ ഒഴിവാക്കിയതെന്തിനാണെന്ന് ചോദ്യം ചെയ്യാന്‍ അക്ഷയ് വടിവാളുമായി ലിഷോയുടെ വീട്ടിലെത്തുകയായിരുന്നു. അവിടെ ലിഷോയുടെ സുഹൃത്തുക്കളും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് സംഘം ആകാശിന്റെ കയ്യില്‍ നിന്നും വാള്‍ വാങ്ങി വെട്ടിക്കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. കൊലയ്ക്കുശേഷം ലിഷോയ് വീടിനടുത്തുതന്നെയുള്ള ഒരു പാടത്ത് ഒളിച്ചു. ശനിയാഴ്ച രാവിലെയോടെ അവിടെനിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടുകയായിരുന്നു. ലഹരി കേസില്‍ ജയിലിലായിരുന്ന ലിഷോയ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ബാദുഷ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.