ബ്രിട്ടീഷ് സ്റ്റീലിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബ്ലാസ്റ്റ് ഫര്‍ണസും കെടുത്താനുള്ള ചൈനീസ് ഉടമയുടെ നീക്കത്തിന് തടയിട്ട് ബ്രിട്ടീഷ് എംപിമാര്‍. ബ്രിട്ടീഷ് സ്റ്റീലിന്റെ സ്‌കണ്‍തോര്‍പ്പ് ബ്ലാസ്റ്റ് ഫര്‍ണസിനെ രക്ഷിക്കാന്‍ ഈസ്റ്റര്‍ അവധിയില്‍ നിന്നും മടങ്ങിയെത്തിയ എംപിമാര്‍ ഒറ്റയടിക്ക് അടിയന്തര നിയമം പാസാക്കിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഈ നിയമനിര്‍മ്മാണത്തിലൂടെ മന്ത്രിമാര്‍ക്ക് ബ്രിട്ടീഷ് സ്റ്റീല്‍ ഉടമകളോട് പ്ലാന്റ് തുറന്നുപ്രവര്‍ത്തിക്കാനുള്ള നിര്‍ദ്ദേശം നല്‍കാന്‍ അധികാരം നല്‍കും. രാജാവ് നിയമത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ ബിസിനസ്സ് സെക്രട്ടറി ജോന്നാഥന്‍ റെയ്‌നോള്‍ഡ്‌സ് കമ്പനിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഹൗസ് ഓഫ് കോമണ്‍സിലും, ഹൗസ് ഓഫ് ലോര്‍ഡ്‌സിലും ഒരേ ദിവസമാണ് ബില്‍ പാസായത്. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഈസ്റ്റര്‍ അവധിക്ക് പോയ എംപിമാരെ തിരിച്ചുവിളിച്ച് ശനിയാഴ്ച സിറ്റിംഗ് നടത്തുന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതോടെ സ്റ്റീല്‍ ഇന്‍ഡസ്ട്രി (സ്‌പെഷ്യല്‍ മെഷേഴ്‌സ്) ബില്ലിന് രാജാവ് രാജകീയ അംഗീകാരം നല്‍കി.
നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ഉള്‍പ്പെടെ നല്‍കാന്‍ സാധിക്കും. ഇതോടെ ബ്രിട്ടീഷ് സ്റ്റീലിന്റെ നിലവിലെ ഉടമകള്‍ ഫര്‍ണസ് കെടുത്താതെ പ്രവര്‍ത്തനം നടത്തിക്കൊണ്ട് പോകേണ്ടി വരും. അതേസമയം ബ്രിട്ടീഷ് സ്റ്റീലിനെ ദേശസാത്കരിക്കാനുള്ള നടപടികളുടെ തുടക്കമാണ് ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്.