ബ്രിട്ടന്റെ ചൈനീസ് വിരോധത്തില്‍ ഇളവ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ചൈനയുമായി അകലം പാലിക്കുന്നത് മണ്ടത്തരമാകുമെന്ന് വ്യക്തമാക്കിയ റേച്ചല്‍ റീവ്‌സ്, അമേരിക്ക ഇപ്പോള്‍ ബീജിംഗിനെ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കാന്‍ ഇടപെടല്‍ വേണമെന്ന നിലപാടും പങ്കുവെച്ചു.
ചൈനയുമായി ആഴത്തിലുള്ള പങ്കാളിത്തം സൃഷ്ടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും, അല്ലാതെ പുതിയ വേലിക്കെട്ടുകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചാന്‍സലര്‍ ടെലിഗ്രാഫിനോട് പറഞ്ഞു. ചൈനീസ് നിര്‍മ്മിത ഇലക്ട്രിക് വാഹനങ്ങളില്‍ താന്‍ സന്തോഷത്തോടെ സഞ്ചരിക്കുമെന്ന് വ്യക്തമാക്കിയ ഇവര്‍ ഫാഷന്‍ ബ്രാന്‍ഡ് ഷീന്‍ ലണ്ടന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ എത്തുന്നതിനെയും പിന്തുണച്ചു.
ബ്രിട്ടന്റെ സുപ്രധാന വ്യവസായങ്ങള്‍ നടത്തുന്നതില്‍ നിന്നും ചൈനയെ വിലക്കണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് ചാന്‍സലര്‍ സ്വരം മയപ്പെടുത്തുന്നത്. സ്‌കണ്‍തോര്‍പ്പിലെ രണ്ട് ബ്ലാസ്റ്റ് ഫര്‍ണസുകള്‍ ചൈനീസ് കമ്പനി ജിംഗ്യെ അടച്ചുപൂട്ടാന്‍ ശ്രമിച്ചതോടെ ബ്രിട്ടന്‍ അടിയന്തര നിയമനിര്‍മ്മാണം നടത്തിയിരുന്നു.
എന്നാല്‍ ചൈനയെ പുറംതള്ളുന്നതിന് പകരം സഹകരണം മെച്ചപ്പെടുത്താനാണ് റീവ്‌സ് ആലോചിക്കുന്നത്. ഈ നീക്കം യുഎസും, പ്രസിഡന്റ് ട്രംപുമായുള്ള ചര്‍ച്ചകളില്‍ വിഘാതം സൃഷ്ടിക്കുന്നതാണ്. അടുത്ത ആഴ്ച യുഎസ്-യുകെ വ്യാപാര കരാര്‍ ചര്‍ച്ചകള്‍ക്കായി ചാന്‍സലര്‍ വാഷിംഗ്ടണിലേക്ക് പോകുന്നുമുണ്ട്. ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ക്ക് മറുപടിയായി ചൈന ചുങ്കം വര്‍ദ്ധിപ്പിച്ചതോടെ യുഎസിലേക്കുള്ള ഇറക്കുമതി തീരുവ 245 ശതമാനത്തിലേക്കാണ് എത്തിയത്.