സ്‌കൂളുകളില്‍ അധ്യാപകര്‍ പണിമുടക്കുകയെന്നാല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയില്‍ ചെറുതല്ലാത്ത വ്യാപകമായ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെടുക. കുട്ടികള്‍ സ്‌കൂളില്‍ പോകാതെ വീട്ടിലിരിക്കുന്നതോടെ മാതാപിതാക്കള്‍ക്ക് ജോലി മുടക്കി ഇവരെ സംരക്ഷിക്കേണ്ട ബാധ്യത രൂപപ്പെടും. ഇതോടെ വിദ്യാഭ്യാസ വകുപ്പിന്റെ തലവേദന ട്രഷറിയ്ക്കും ഷോക്കായി മാറും.
ഈ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീക്കിക്കൊണ്ട് ഇംഗ്ലണ്ടിലെ രണ്ടാമത്തെ ടീച്ചിംഗ് യൂണിയനും സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ പേ ഓഫറില്‍ സ്‌കൂളുകളുടെ ഫണ്ടിംഗ് മെച്ചപ്പെടുത്താത്ത പക്ഷം പണിമുടക്കിന് തയ്യാറാണെന്ന് എന്‍എഎസ്‌യുഡബ്യുടി അറിയിച്ചു. ജൂണിലെ സ്‌പെന്‍ഡിംഗ് റിവ്യൂവില്‍ സ്‌കൂള്‍ ബജറ്റ് ടോപ്പ്-അപ്പ് ചെയ്യാത്ത ഏത് പേ ഓഫറും തള്ളിക്കളയാനാണ് യൂണിയന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് വോട്ട് ചെയ്തത്.
ഇതുണ്ടായാല്‍ സമരത്തിന് ഇറങ്ങാന്‍ അംഗങ്ങളുടെ അടിയന്തര ബാലറ്റ് നടത്തുമെന്ന് യൂണിയന്‍ വ്യക്തമാക്കി. ഇംഗ്ലണ്ടിലെ ടീച്ചിംഗ് വിഭാഗത്തിലെ ഭൂരിഭാഗത്തെയും പ്രതിനിധീകരിക്കുന്ന എന്‍എഎസ്‌യുഡബ്യുടിയും, നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനും ചേര്‍ന്ന് സമരത്തിന് ഇറങ്ങിയാല്‍ സ്‌കൂളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ അടച്ചിടേണ്ടതായി വരും.
ഇതോടെ 2025-26 വര്‍ഷത്തെ പേ അവാര്‍ഡില്‍ അധിക ഫണ്ടിംഗ് നേടുകയെന്ന സമ്മര്‍ദമാണ് എഡ്യുക്കേഷന്‍ സെക്രട്ടറി നേരിടുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ പണിമുടക്ക് നേരിടേണ്ടി വരികയും ചെയ്യും. ഗവണ്‍മെന്റ് മുന്നോട്ട് വെച്ച 2.8% ശമ്പളവര്‍ദ്ധന എന്‍ഇയു തള്ളിയിരുന്നു.