കടമകള്‍ നിറവേറ്റി, മാറ്റത്തിന് തിരികൊളുത്തി വലിയ ഇടയന്‍ വിടവാങ്ങുമ്പോള്‍ ലക്ഷക്കണക്കിന് വിശ്വാസികളുടെ ഹൃദയങ്ങളില്‍ വേര്‍പാടിന്റെ വിങ്ങല്‍. വത്തിക്കാനില്‍ നിന്നും ആ വാര്‍ത്ത ഇന്നലെ പുറത്തുവരുമ്പോള്‍ അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം യുഎസ് വൈസ് പ്രസിഡന്റിനെ കാണുന്ന ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ രോഗാവസ്ഥയില്‍ നിന്നും അല്‍പ്പം മെച്ചപ്പെട്ടുവെന്ന പ്രതീക്ഷ ബാക്കിയായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ അസ്ഥാനത്താക്കിയാണ് ഇന്നലെ വത്തിക്കാന്‍ ഖേദകരമായ ആ വാര്‍ത്ത പുറത്തുവിട്ടത്.
പോപ്പ് ഫ്രാന്‍സിസിന് 88-ാം വയസ്സില്‍ വിടവാങ്ങലിലേക്ക് നയിച്ചത് സ്‌ട്രോക്കും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ചതും മൂലമാണെന്ന് വത്തിക്കാന്‍ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നു. വത്തിക്കാനിലെ സെന്റ് മാര്‍ത്താ വസതിയില്‍ സമാധാനപരമായി തന്നെയായിരുന്നു വിടവാങ്ങല്‍.
രാവിലെ 6 മണിക്ക് അലാറം അടിച്ച് ഉണര്‍ന്ന പോപ്പ് 7 മണിയോടെ രോഗബാധിതനാകുകയും, 7.35ന് സ്‌ട്രോക്ക് നേരിട്ട് മരണത്തെ പുല്‍കുകയുമായിരുന്നു. സെറിബ്രല്‍ സ്‌ട്രോക്ക് നേരിടുകയും, ഇതേത്തുടര്‍ന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം പരാജയപ്പെടുകയും ചെയ്തതാണ് മരണകാരണമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. സ്‌ട്രോക്ക് കോമയിലേക്ക് നയിക്കുകയും, തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത വിധത്തില്‍ ഹൃദയപരാജയം സംഭവിച്ചെന്നും മരണ സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കി.
പോപ്പിന് മള്‍ട്ടിമൈക്രോബിയല്‍ ബൈലാറ്ററല്‍ ന്യൂമോണിയ മൂലമുള്ള ഗുരുതര ശ്വാസകോശ പരാജയവും, വിവിധ ബ്രോങ്കൈടേസസ്, ഉയര്‍ന്ന രക്തസമ്മര്‍ദം, ടൈപ്പ് 2 ഡയബറ്റീസ് എന്നിവ നേരിട്ടിരുന്നതായി ഔദ്യോഗിക സര്‍ട്ടിഫിക്കറ്റ് നല്‍കിയ വത്തിക്കാന്‍ ഹെല്‍ത്ത് & ഹൈജീന്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ഡോ. ആന്‍ഡ്രിയ അര്‍ക്കാന്‍ഗെലി പറഞ്ഞു. ഇലക്ട്രോകാര്‍ഡിയോഗ്രാഫിക് താനാറ്റോഗ്രാഫി വഴിയാണ് മരണം സ്ഥിരീകരിച്ചത്.
തന്റെ ജീവിതത്തിന്റെ അവസാന കാലത്ത് നേരിട്ട ബുദ്ധിമുട്ടുകള്‍ ലോകത്തിന് സമാധാനം നല്‍കുമെന്നും, ജനങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന് കാരണമാകുമെന്നും അന്തിമ മരണപത്രികയില്‍ പോപ്പ് ഫ്രാന്‍സിസ് കുറിച്ചിട്ടുണ്ട്. തന്റെ ഭൗതീകദേഹം കാപ്പെല്ലാ പൗളിനയ്ക്കും, പേപ്പല്‍ ബസലിയ്ക്കയ്ക്കും അരികിലായി അടക്കം ചെയ്യാനാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. 'ഭൂമിയിലാണ് കല്ലറ ഒരുങ്ങേണ്ടത്. സിംപിളായിരിക്കണം, കൂടുതല്‍ അലങ്കാരങ്ങള്‍ വേണ്ട, അതില്‍ 'ഫ്രാന്‍സിസ്‌കസ്' എന്ന് മാത്രം എഴുതണം', പത്രികയില്‍ പറയുന്നു.