ഫാമിലി ഡോക്ടര്‍മാര്‍ രോഗികളുമായി നേരിട്ട് സംസാരിക്കുമ്പോഴാണ് അവരുടെ പ്രശ്‌നങ്ങള്‍ സഹാനുഭൂതിയോടെ മനസ്സിലാക്കി പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയുക. ഒരു ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ഇരുന്ന് എത്രയും വേഗം സംസാരം അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ മാനുഷികമായ ബന്ധത്തില്‍ തകരാര്‍ സംഭവിക്കും. ഇത് തന്നെയാണ് ഇംഗ്ലണ്ടിലെ ജിപി സേവനങ്ങള്‍ സംബന്ധിച്ച രോഗികളുടെ നിലപാടിനെയും സ്വാധീനിക്കുന്നത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ ജിപി സേവനങ്ങളില്‍ രോഗികളുടെ തൃപ്തി തകര്‍ന്നടിഞ്ഞെന്നാണ് കണ്ടെത്തല്‍. നേരിട്ടുള്ള അപ്പോയിന്റ്‌മെന്റ് ഫാമിലി ഡോക്ടര്‍മാര്‍ കുറച്ചതും ഈ കാലയളവിലാണ്. ജിപിമാര്‍ രോഗികളെ നേരില്‍ കാണുന്നത് 2019-ല്‍ അഞ്ചില്‍ നാല് (80.7%) എന്ന നിലവാരത്തിലായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് മൂന്നില്‍ രണ്ട് (66.2%) എന്ന നിലയിലേക്കാണ് താഴ്ന്നത്.
അതേസമയം ടെലിഫോണ്‍ അപ്പോയിന്റ്‌മെന്റുകള്‍ ഈ കാലയളവില്‍ ഇരട്ടിയായി ഉയര്‍ന്നു. 13.4 ശതമാനത്തില്‍ നിന്നും 25.4 ശതമാനത്തിലേക്കാണ് ഫോണ്‍ വഴിയുള്ള അപ്പോയിന്റ്‌മെന്റുകള്‍ വര്‍ദ്ധിച്ചത്. ഇതിന് പുറമെ ജിപിയുമായി നേരിട്ട് രോഗികള്‍ ആശയവിനിമയം നടത്താത്ത ഓണ്‍ലൈന്‍ സേവനങ്ങള്‍ 0.6 ശതമാനത്തില്‍ നിന്നും 4.6 ശതമാനത്തിലേക്കും ഉയര്‍ന്നു.
വീഡിയോ, ഓണ്‍ലൈന്‍ സേവനങ്ങളെന്ന് പറയുന്നുണ്ടെങ്കിലും പലപ്പോഴും ഓണ്‍ലൈന്‍ ഫോമുകള്‍ പൂരിപ്പിക്കുന്ന തരത്തിലാണ് സേവനങ്ങള്‍. ജിപി സര്‍ജറികള്‍ കൂടുതല്‍ അപ്പോയിന്റ്‌മെന്റുകള്‍ നല്‍കുന്നതിനേക്കാള്‍ നേരിട്ട് കാണുന്നതിനെയാണ് രോഗികള്‍ മൂല്യമുള്ളതായി കാണുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗവണ്‍മെന്റ് കണ്ടെത്തി.