കൗമാരകാലത്ത് ജെഫ്രി എപ്സ്റ്റീന്‍ മനുഷ്യക്കടത്തിന് വിധേയമാക്കിയ വിര്‍ജിനിയ ജിഫ്രെ ആത്മഹത്യ ചെയ്തു. എപ്സ്റ്റീന്‍ ബന്ധം ഉപയോഗിച്ച് ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിപ്പെട്ട ജിഫ്രെ, രാജകുടുംബത്തില്‍ നിന്നും വലിയ തുക നഷ്ടപരിഹാരം നേടിയിരുന്നു. എന്നാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഫാമില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ ഇവര്‍ ജീവനൊടുക്കിയെന്നാണ് കുടുംബം നല്‍കുന്ന വിവരം.
'അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ജീവിതകാലം മുഴുവന്‍ ലൈംഗിക ചൂഷണത്തിന്റെ ലൈംഗിക മനുഷ്യക്കടത്തിന്റെയും ഇരയായിരുന്നു ജിഫ്രെ', കുടുംബം പ്രസ്താവനയില്‍ അറിയിച്ചു. ലൈംഗിക പീഡനത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും എതിരായ പോരാട്ടത്തില്‍ ശക്തയായ പോരാളിയായിരുന്നു വിര്‍ജിനിയ. നിരവധി അതിജീവിതര്‍ക്ക് ഇവര്‍ വെളിച്ചമായി. ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ മറികടന്ന് വെളിച്ചം വിതറാന്‍ സാധിച്ചു. മക്കളായ ക്രിസ്റ്റിയന്‍, നോവാ, എമിലി എന്നിവരായിരുന്നു അവളുടെ വെളിച്ചം. തന്റെ ചെറിയ മകളെ കൈയില്‍ പിടിച്ചപ്പോഴാണ് തിരിച്ച് പോരാടേണ്ടതിന്റെ ആവശ്യകത വിര്‍ജിനിയ മനസ്സിലാക്കിയത്, കുടുംബം പറയുന്നു.
41-കാരിയായ വിര്‍ജിനിയ മുന്‍ ഫിനാന്‍ഷ്യര്‍ക്ക് എതിരായ ആരോപണങ്ങള്‍ നടത്തിയാണ് പൊതുജനശ്രദ്ധ നേടിയത്. എപ്സ്റ്റീന് എതിരെ കുറ്റം ചുമത്താന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. 17-ാം വയസ്സില്‍ എപ്സ്റ്റീന്റെ സഹായി ജിസെലിന്‍ മാക്‌സ്‌വെല്ലിന്റെ സഹായത്തോടെ ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ജിഫ്രെ ആരോപിച്ചിരുന്നു. എപ്സ്റ്റീന്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ പുറത്തുവന്നതോടെയാണ് വിവാദത്തില്‍ രാജകുമാരനും കുടുങ്ങിയത്.
ബ്രിട്ടീഷ് രാജകുടുംബത്തിന് വലിയ നാണക്കേട് സമ്മാനിച്ച സംഭവങ്ങള്‍ ഒടുവില്‍ കോടതിക്ക് പുറത്ത് വെച്ച് പണം നല്‍കി ഒത്തുതീര്‍പ്പാക്കുകയായിരുന്നു. കോടതി വിചാരണ നേരിടാന്‍ ആന്‍ഡ്രൂ ഒരുങ്ങിയെങ്കിലും ഇത് മുന്നോട്ട് പോയാല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ അന്തസ്സ് തകരുമെന്ന് മനസ്സിലാക്കിയാണ് പണം നല്‍കിയത്. എത്ര പണം നല്‍കിയെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതിന് ശേഷം ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇവരെ വെറുതെവിട്ടില്ല. കഴിഞ്ഞ മാസം ഒരു വാഹനാപകടം ഉണ്ടായപ്പോള്‍ പോലും അത് ജിഫ്രെ മനഃപ്പൂര്‍വ്വം ചെയ്തതാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.