ട്രാന്‍സ് വനിതകള്‍ നിയമപരമായി വനിതകളല്ലെന്ന് വിധിച്ച സുപ്രീംകോടതി വിധി എന്‍എച്ച്എസില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ഇത് വ്യക്തമാക്കിക്കൊണ്ട് എന്‍എച്ച്എസ് ഡൈവേഴ്‌സിറ്റി മാനേജര്‍ പുറത്തുവിട്ട മെമ്മോയാണ് ചര്‍ച്ചയാകുന്നത്. സ്ത്രീയല്ലെന്ന് വിധിച്ചതോടെ സുരക്ഷിതത്വം തോന്നാത്ത ട്രാന്‍സ് ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്നും ജോലി ചെയ്യാന്‍ അനുമതി നല്‍കണമെന്നാണ് മെമ്മോ.
കോടതി വിധി നമ്മുടെ സമൂഹത്തിന് ബുദ്ധിമുട്ടേറിയ സമയമാണ് സമ്മാനിച്ചതെന്ന് മെലാനി ഹോളോവെ എന്‍എച്ച്എസ് ഇംഗ്ലണ്ട് ഇന്‍ട്രാനെറ്റില്‍ പോസ്റ്റ് ചെയ്ത മെമ്മോയില്‍ പറയുന്നു. ഇത് സര്‍വ്വനാമം ചേര്‍ത്ത് വിളിക്കുന്നതിനെ ബാധിക്കുകയും, മനഃപ്പൂര്‍വ്വം ലിംഗം മാറ്റി വിളിക്കാനും ഇടയാക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.
'ഓഫീസുകളില്‍ സുരക്ഷ തോന്നാത്ത ട്രാന്‍സ് ജീവനക്കാര്‍ക്ക് വീടുകളില്‍ നിന്നും ജോലി ചെയ്യാന്‍ പിന്തുണ നല്‍കണം', അവര്‍ കുറിച്ചു. ഇക്വാളിറ്റി ആക്ട് പ്രകാരം ജന്മനാ സ്ത്രീയായി പിറന്നവരാണ് ഈ ഗണത്തില്‍ പെടുകയെന്ന് സുപ്രീംകോടതി നിര്‍വചിച്ചിരുന്നു. ഈ അവസരത്തില്‍ പുതിയ എന്‍എച്ച്എസ് പോളിസി പ്രസിദ്ധീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതമാകുകയും ചെയ്തിട്ടുണ്ട്.
പുതിയ എന്‍എച്ച്എസ് പോളിസി പ്രകാരം പുരുഷനായി ജനിച്ച ട്രാന്‍സ് ആളുകള്‍ക്ക് വനിതാ ടോയ്‌ലറ്റുകളും, ചേഞ്ചിംഗ് റൂമുകളും ഉപയോഗിക്കുന്നതില്‍ വിലക്ക് വരുമെന്നാണ് കരുതുന്നത്. സുപ്രീംകോടതി വിധി ട്രാന്‍സ് സഹജീവനക്കാര്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ഹോളോവെ തന്റെ മെമ്മോയില്‍ വ്യക്തമാക്കുന്നു.