ബ്രിട്ടനില്‍ വലിയ തോതില്‍ ഭീകരാക്രമണം നടത്താനുള്ള ശ്രമങ്ങള്‍ പൊളിച്ച് പോലീസും, എംഐ5'വും. ഇറാന്‍ തീവ്രവാദികളാണ് അക്രമത്തിന് ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ പിടിയിലായത്. യുകെയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡിലാണ് രണ്ട് ഇറാന്‍ സെല്ലുകളെ പിടികൂടിയത്. തീവ്രവാദ വിരുദ്ധ സേനയും, സ്‌പെഷ്യല്‍ ഫോഴ്‌സുകളും പങ്കെടുത്ത റെയ്ഡിലാണ് തീവ്രവാദികള്‍ പിടിയിലായത്.
നിരവധി ജീവനുകള്‍ അപകടത്തിലാക്കാമായിരുന്ന സുപ്രധാന അക്രമമാണ് സേനകള്‍ക്ക് തടയാന്‍ കഴിഞ്ഞിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നടത്തിയ ഏറ്റവും വലിയ തീവ്രവാദ വിരുദ്ധ ഭീഷണിയും, ഇതിനെതിരായ ഓപ്പറേഷനുമാണ് ശനിയാഴ്ച നടന്നതെന്ന് ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ പറഞ്ഞു.
'വളരെ ഗുരുതരമായ വിഷയത്തില്‍ സുപ്രധാന ഓപ്പറേഷനാണ് നടക്കുന്നത്. ഇതില്‍ ഇറാന്‍ പൗരന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിഷയത്തിന്റെ സങ്കീര്‍ണ്ണത നമ്മുടെ ദേശീയ സുരക്ഷ നേരിടുന്ന വെല്ലുവിളികളാണ് തുറന്നുകാണിക്കുന്നത്', ഇറാന്‍ ബന്ധത്തെ കുറിച്ച് ഹോം സെക്രട്ടറി വ്യക്തമാക്കി.
ലണ്ടനില്‍ വിഇ 80-ാം വാര്‍ഷികത്തിന്റെ ഭാഗമായി ചടങ്ങുകള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് അറസ്റ്റുകള്‍ നടന്നത്. എന്നാല്‍ തീവ്രവാദികളുടെ ലക്ഷ്യം ഈ ചടങ്ങായിരുന്നോയെന്ന് വ്യക്തമല്ല. വെസ്റ്റ് ലണ്ടന്‍, റോച്ച്‌ഡേല്‍, സ്വിന്‍ഡണ്‍, മാഞ്ചസ്റ്റര്‍, സ്‌റ്റോക്ക്‌പോര്‍ട്ട് എന്നിവിടങ്ങളിലെ വിലാസങ്ങളിലെ റെയ്ഡുകളിലാണ് ഭീകരപ്രവര്‍ത്തനം ആരോപിച്ച് പ്രതികളെ പിടിച്ചിരിക്കുന്നത്.
ഇതിനിടെ ഇറാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയിരുന്ന മൂന്നംഗ സംഘത്തെയും ലണ്ടനില്‍ നിന്നും പിടികൂടി. ഭീകരാക്രമണം നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കവെയാണ് അറസ്റ്റുകള്‍ നടന്നതെന്നാണ് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോര്‍ട്ട്.