എന്‍എച്ച്എസ് ആശുപത്രികള്‍ വൃദ്ധരുടെ കാത്തിരിപ്പ് കേന്ദ്രങ്ങളായി തുടരുന്നു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ 1 മില്ല്യണിലേറെ പ്രായമായ ജനങ്ങളാണ് എ&ഇകളില്‍ 12 മണിക്കൂറിലേറെ ചികിത്സയ്ക്കായി കാത്തിരുന്നത്. ട്രോളികളില്‍ മണിക്കൂറുകള്‍ നീളുന്ന മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കാത്തിരിപ്പിനാണ് ബ്രിട്ടനിലെ വൃദ്ധജനങ്ങള്‍ ഇരയാകുന്നത്.
എ&ഇയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും, പ്രവേശിപ്പിക്കാനും, ഡിസ്ചാര്‍ജ്ജ് ചെയ്യാനുമായി 12 മണിക്കൂറിലേറെ കാത്തിരുന്ന 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ എണ്ണം 2024-ല്‍ 1.15 മില്ല്യണിലേക്കാണ് ഉയര്‍ന്നത്. 2023-ല്‍ ഇത് 991,068 ആയിരുന്നു. 2019-ല്‍ 305,619 ആയിരുന്ന സ്ഥാനത്താണ് ഈ കുതിച്ചുചാട്ടമെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ വിവരാവകാശ നിയമങ്ങള്‍ ഉപയോഗിച്ച് നേടിയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ 12 മണിക്കൂര്‍ കാത്തിരിക്കുന്ന രോഗിയുടെ പ്രായം ഉയരുന്നതിന് അനുസരിച്ച് അപകടവും വര്‍ദ്ധിക്കുന്നതായി ആര്‍സിഇഎം കണ്ടെത്തി. 60 മുതല്‍ 69 വയസ്സ് വരെ പ്രായമുള്ള ആളുകള്‍ 12 മണിക്കൂറിലേറെ കാത്തിരിക്കാനുള്ള സാധ്യത 15 ശതമാനമാണ്. 90 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഈ സാധ്യത 33 ശതമാനവും വര്‍ദ്ധിക്കുന്നു.
ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളെ ഹെല്‍ത്ത്‌കെയര്‍ സിസ്റ്റം പരാജയപ്പെടുത്തുകയാണെന്ന് ആര്‍സിഇഎം പ്രസിഡന്റ് ഡോ. അഡ്രിയാന്‍ ബോയല്‍ പറഞ്ഞു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആവശ്യമുള്ളവര്‍ക്ക് ഇത് ലഭിക്കുന്നില്ല. ഇത് ജീവനുകള്‍ അപകടത്തിലാക്കുകയാണ്, ഡോ. ബോയല്‍ കൂട്ടിച്ചേര്‍ത്തു.
എ&ഇ കാത്തിരിപ്പിന് പുറമെ പ്രായമായവര്‍ക്ക് സുപ്രധാന പരിശോധനകളും നഷ്ടമാകുന്നുവെന്ന് ആര്‍സിഇഎം റിപ്പോര്‍ട്ട് പറയുന്നു. എ&ഇകളിലെ ഫ്രണ്ട്‌ഡോറില്‍ തന്നെ അവസ്ഥ സ്‌ക്രീന്‍ ചെയ്യുന്ന സംവിധാനം നല്‍കുന്ന രീതിയില്‍ മാറ്റം വരുത്തണമെന്നാണ് റോയല്‍ കോളേജ് ആവശ്യപ്പെടുന്നത്.