ഏറെ നാളായി യുകെ കാത്തിരുന്ന ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ പരസ്പര ധാരണയായി. ഇന്ത്യയിലേക്കുള്ള ഉത്പന്ന കയറ്റുമതിക്ക് നികുതി കുറയ്ക്കുകയും, യുകെ സമ്പദ് വ്യവസ്ഥയ്ക്ക് 2040 ആകുന്നതോടെ പ്രതിവര്‍ഷം 4.8 ബില്ല്യണ്‍ പൗണ്ടിന്റെ വ്യാപാരവും സമ്മാനിക്കുന്നതാണ് കരാര്‍.
മൂന്ന് വര്‍ഷത്തിലേറെയായുള്ള വിവിധ ഗവണ്‍മെന്റുകളുടെ വിലപേശലുകള്‍ക്കും. ചര്‍ച്ചകള്‍ക്കും ഒടുവിലാണ് ഈ അന്തിമകരാര്‍ കൈവരിച്ചിരിക്കുന്നത്. ബ്രക്‌സിറ്റിന് ശേഷം യുകെ സമ്പദ് വ്യവസ്ഥയ്ക്ക് ഏറ്റവും അനിവാര്യമായി കരുതിയിരുന്ന കരാറാണ് ലേബര്‍ ഗവണ്‍മെന്റിന് നേടാന്‍ കഴിഞ്ഞിരിക്കുന്നത്.
ഇന്ത്യയുമായി ചരിത്രനാഴികക്കല്ലായി മാറുന്ന കരാറാണ് നേടിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടനിലെ ജനങ്ങള്‍ക്കും, ബിസിനസ്സുകള്‍ക്കും ഉപകരാപ്രദമാകുന്ന, സമ്പദ് വ്യവസ്ഥ വളര്‍ത്തുന്ന കരാറാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച ശേഷമായിരുന്നു പ്രഖ്യാപനം.
കരാറിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും എത്തുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കും, കമ്പനികള്‍ക്കും മൂന്ന് വര്‍ഷത്തേക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷന്‍ ഒഴിവാക്കി നല്‍കിയിട്ടുണ്ട്. കരാര്‍ അംഗീകരിക്കാന്‍ ഇന്ത്യ ആവശ്യപ്പെട്ട സുപ്രധാന വിഷയമാണ് ഇത്. ഇതോടെ ഇന്ത്യന്‍ ജോലിക്കാരെ യുകെയിലേക്ക് കൊണ്ടുവരുന്നത് കമ്പനികള്‍ക്കും ലാഭകരമായി മാറും.
അതേസമയം കരാറിനായി ഈ വിട്ടുവീഴ്ച ചെയ്യുന്ന വിഷയം ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ അറിഞ്ഞില്ലെന്നാണ് വിവരം. ബ്രിട്ടീഷ് വിസ്‌കിക്കും, ജിന്നിനുമുള്ള ഇന്ത്യന്‍ തീരുവ 150 ശതമാനത്തില്‍ നിന്നും 75 ശതമാനമാകും. ബ്രിട്ടീഷ് കാറുകള്‍ക്ക് 110 ശതമാനമായിരുന്ന തീരുവ 10 ശതമാനമായാണ് ചുരുക്കുന്നത്. ഇന്ത്യന്‍ കയറ്റുമതിക്കും ഇതേ തോതിലാകും തീരുവ.