ഇമിഗ്രേഷന്‍ നിയമങ്ങള്‍ ബ്രിട്ടനില്‍ നോക്കുകുത്തിയാകുന്ന ഒരു മേഖലയാണ് കുറ്റകൃത്യങ്ങള്‍. വിദേശ പൗരന്‍മാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ശേഷം തൊടുന്യായങ്ങളുടെ പേരില്‍ നാടുകടത്തലിനെ പ്രതിരോധിക്കുന്ന കാഴ്ച പലപ്പോഴും നേരിടാറുണ്ട്. എന്നാല്‍ ഈ 'അന്യായം' നാട്ടുകാരില്‍ രോഷം ഉയര്‍ത്തുന്നുണ്ട്. അത് റിഫോം യുകെ പോലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വെള്ളവും വളവുമായി മാറുകയും ചെയ്യുന്നു.
ഈ ഘട്ടത്തിലാണ് കുടിയേറ്റക്കാര്‍ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍ നാടുകടത്താന്‍ ഗവണ്‍മെന്റ് പുതിയ അധികാരങ്ങള്‍ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ വിദേശ കുറ്റവാളികള്‍ക്ക് ജയില്‍ശിക്ഷ ലഭിക്കുമ്പോള്‍ മാത്രമാണ് ഹോം ഓഫീസിന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു വര്‍ഷമെങ്കിലും ശിക്ഷ കിട്ടുന്നവര്‍ക്കാണ് നാടുകടത്തലിന് പരിഗണിക്കപ്പെടുന്നത്.
എന്നാല്‍ ഈ നിയമങ്ങള്‍ കീറിയെറിഞ്ഞ് ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കാനാണ് ലേബര്‍ നീക്കം. നിഗല്‍ ഫരാഗിന്റെ റിഫോം യുകെ പാര്‍ട്ടി നിലയുറപ്പിക്കുമെന്ന് വ്യക്തമായതോടെയാണ് ഈ ഭീഷണി അതിജീവിക്കാന്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സ്റ്റാര്‍മറും സംഘവും നിര്‍ബന്ധിതരായത്.
ഹോം സെക്രട്ടറി വെറ്റ് കൂപ്പര്‍ തയ്യാറാക്കുന്ന പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ശിക്ഷ ലഭിക്കുന്ന എല്ലാ കുടിയേറ്റക്കാരെ കുറിച്ചും ഹോം ഓഫീസിന് വിവരം ലഭിക്കും. ഇവരെ യുകെയില്‍ നിന്നും പുറത്താക്കാന്‍ അധികൃതര്‍ക്ക് വിശാലമായ അധികാരങ്ങളും നല്‍കും. കുടിയേറ്റക്കാര്‍ കത്തി അക്രമങ്ങളും, മോഷണങ്ങളും, ക്രിമിനല്‍ നാശനഷ്ടങ്ങളും, സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളും നടത്തിയശേഷം രാജ്യത്ത് നാടുകടത്തില്‍ ഭീഷണി നേരിടാതെ സസുഖം വാഴുന്ന പരിപാടിക്ക് അന്ത്യം കുറിയ്ക്കുകയാണ് ഉദ്ദേശം.
ലോക്കല്‍ തെരഞ്ഞെടുപ്പില്‍ ലേബറിന്റെ മോഹങ്ങള്‍ക്ക് വിരാമം കുറിച്ച് ഫരാഗിന്റെ പാര്‍ട്ടി കുതിച്ചുകയറിയതിന് പ്രധാന കാരണമായത് ഇമിഗ്രേഷന്‍ പോരായ്മകളാണ്. ഇപ്പോള്‍ ലേബര്‍ പ്രഖ്യാപിക്കുന്ന നിയമങ്ങളും ഫലം കാണാന്‍ പോകുന്നില്ലെന്നാണ് ഈ ഘട്ടത്തില്‍ നിഗല്‍ ഫരാഗിന്റെ പ്രതികരണം.