അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ലേബര്‍ ഗവണ്‍മെന്റ്. നിയമപരമായി പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗം ഇതുവഴി യുകെയിലെത്തിയ ശേഷം അഭയാര്‍ത്ഥികളായി മാറുന്നതാണ് ഈ വിസാ റൂട്ടിന് വിനയാകുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ സ്റ്റുഡന്റ് വിസയില്‍ പുതിയ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തങ്ങളുടെ സാമ്പത്തിക ആരോഗ്യസ്ഥിതി കൂടുതല്‍ പരിതാപകരമാക്കുമെന്ന് യൂണിവേഴ്‌സിറ്റികള്‍ വിലപിക്കുന്നു.
തുടര്‍ച്ചയായ മൂന്നാം വര്‍ഷവും വരുമാനം കുറഞ്ഞ നിലയിലാണ് ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റികള്‍. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയുന്നത് ക്യാംപസുകളില്‍ കൂടുതല്‍ വെട്ടിക്കുറവുകള്‍ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. പല യൂണിവേഴ്‌സിറ്റികളും തങ്ങളുടെ ബജറ്റ് കമ്മിയില്‍ പിടിച്ചുനില്‍ക്കാനായി കഠിനാധ്വാനം ചെയ്യുകയാണെന്ന് ഓഫീസ് ഫോര്‍ സ്റ്റുഡന്റ്‌സ് വാര്‍ഷിക ധനകാര്യ ആരോഗ്യപരിശോധനയില്‍ വ്യക്തമായി.
കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ കുറച്ചും, കോഴ്‌സും, ജീവനക്കാരെയും വെടിക്കുറച്ചും പ്രതിസന്ധി നേരിടാനാണ് പല യൂണിവേഴ്‌സിറ്റികളുടെയും ശ്രമം. മേഖലയില്‍ നിന്നും ഈ വര്‍ഷം 400 മില്ല്യണ്‍ പൗണ്ടിലേറെ മൂല്യമുള്ള ഭൂമിവില്‍പ്പനയും നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'യുകെയ്ക്ക് പുറത്ത് നിന്നുള്ള വിദ്യാര്‍ത്ഥികളെ പ്രതീക്ഷിച്ച തോതില്‍ റിക്രൂട്ട് ചെയ്യാന്‍ കഴിയാതെ പോയതാണ് പ്രധാന പരാജയം. ഈ വിദ്യാര്‍ത്ഥികളുടെ വരവ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21% കുറയുമെന്നാണ് ഇപ്പോള്‍ പ്രവചനം. ഇത് യൂണിവേഴ്‌സിറ്റികള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തും', ഒഎഫ്എസ് റെഗുലേഷന്‍ ഡയറക്ടര്‍ ഫിലിപ്പാ പിക്ക്‌ഫോര്‍ഡ് പറഞ്ഞു.
യുകെയിലെ വിദ്യാര്‍ത്ഥികളെ കുറഞ്ഞ ഫീസില്‍ പഠിപ്പിക്കുന്നതിന്റെ വ്യത്യാസം പരിഹരിക്കുന്നത് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നും കനത്ത ഫീസ് ഈടാക്കിയാണ്. 2023 മുതല്‍ നടത്തുന്ന ഇമിഗ്രേഷന്‍, വിസാ മാറ്റങ്ങള്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് കുത്തനെ കുറച്ചു. ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റ് ഈ നിയന്ത്രണം കൂടുതല്‍ കടുപ്പിക്കാനുള്ള ശ്രമത്തിലുമാണ്.