ബ്രിട്ടനില്‍ പലിശ നിരക്കുകള്‍ കുറയാന്‍ വഴിയൊരുങ്ങുന്നുവെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് പണപ്പെരുപ്പ നിരക്കില്‍ കുതിപ്പ്. ഏപ്രില്‍ മാസത്തില്‍ സകല മേഖലയിലെ ബില്ലുകളും കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് പണപ്പെരുപ്പം അതിശയിപ്പിക്കുന്ന തോതില്‍ വര്‍ദ്ധിച്ചത്. പ്രതീക്ഷകള്‍ അസ്ഥാനത്താക്കി 3.5 ശതമാനത്തിലേക്കാണ് കുതിപ്പ്.
വാട്ടര്‍ ബില്ലുകള്‍, എനര്‍ജി ചെലവുകള്‍, കൗണ്‍സില്‍ ടാക്‌സ് എന്നിവയെല്ലാം നാടകീയമായ തോതിലാണ് കഴിഞ്ഞ മാസം വര്‍ദ്ധിച്ചത്. ഈ ഘട്ടത്തിലാണ് പണപ്പെരുപ്പം 3.5 ശതമാനമായി ഉയര്‍ന്നിരിക്കുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നു.
എംപ്ലോയര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കോണ്‍ട്രിബ്യൂഷനിലെ വര്‍ദ്ധനവും, നാഷണല്‍ മിനിമം വേജിലെ വര്‍ദ്ധനവും വിലക്കയറ്റം സൃഷ്ടിക്കാന്‍ കമ്പനികള്‍ക്ക് മേല്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളായിരുന്നു. എന്നാല്‍ ഇത് പരിഗണിച്ചും സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയതിലും ഏറെ തോതില്‍ പണപ്പെരുപ്പം ഉയര്‍ന്നു.
ഗ്യാസ്, വൈദ്യുതി, വെള്ളം, ഗതാഗംത എന്നിങ്ങനെ സകല ബില്ലുകളും ഉയര്‍ന്നത് കുടുംബങ്ങള്‍ക്ക് ഏപ്രില്‍ മാസം ദുരിത മാസമായി മാറിയിരുന്നു. കുടുംബങ്ങളുടെ ബില്ലുകളില്‍ സുപ്രധാന തോതില്‍ വര്‍ദ്ധന രേഖപ്പെടുത്തിയത് പണപ്പെരുപ്പം കുത്തനെ ഉയരാന്‍ ഇടയാക്കിയെന്ന്‌ന ഒഎന്‍എസ് പറയുന്നു.
മാര്‍ച്ച് മാസത്തില്‍ 2.6 ശതമാനത്തിലേക്ക് താഴ്ന്ന ശേഷം ഈ കുതിപ്പ് നടത്തിയത് അധികൃതരെ സ്തംബ്ധരാക്കിയിട്ടുണ്ട്. ഇതോടെ പലിശ നിരക്ക് വേഗത്തില്‍ കുറയ്ക്കണമെന്ന ആവശ്യങ്ങളെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അവഗണിക്കാനുള്ള സാധ്യതയാണ് തെളിയുന്നത്.