ലണ്ടന്‍: യുകെ മലയാളികളെ ആനന്ദ സാഗരത്തില്‍ ആറാടിച്ച സംഗീത-നൃത്ത കലകളുടെ മാന്ത്രിക സ്പര്‍ശം കാണികളെ വിസ്മയിപ്പിച്ച 'മഴവില്‍ സംഗീത'ത്തിന്റെ പന്ത്രണ്ടാം വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി. ബോണ്‍മൗത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍ തിങ്ങിനിറഞ്ഞ കലാസ്വാദകര്‍ക്ക് സംഗീത നൃത്ത ദൃശ്യ ആവിഷ്‌കാരത്തിന്റെ അപൂര്‍വ്വ നിമിഷങ്ങളും,അനുഭവവുമാണ് സമ്മാനിച്ചത്.
എട്ടുമണിക്കൂറിലധികം നീണ്ടുനിന്ന പരിപാടികളും കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയങ്ങളും, പ്രൗഡോജ്വലമായ വേദിയില്‍ സമന്വയിച്ചപ്പോള്‍ ഓരോ പരിപാടികളും നിറകൈയടിയോടെയാണ് കാണികള്‍ വരവേറ്റത്.
യുകെയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുമായി ബാറിംഗ്ടണ്‍ തീയേറ്റര്‍ ഹാളിലേക്ക് ആളുകള്‍ ഒഴുകിയെത്തി.
കഴിഞ്ഞ 11 വര്‍ഷവും മികച്ച സംഗീത-നൃത്ത കലാപരിപാടികളുടെ ഉത്സവച്ഛായ തീര്‍ത്ത 'മഴവില്‍ സംഗീത' നിശയില്‍ ഇത്തവണ ആകര്‍ഷകമായ ബോളിവുഡ്, ഇന്ത്യന്‍ സെമി-ക്ലാസിക്കല്‍ ഡാന്‍സും ഉള്‍പ്പെടുത്തിയിരുന്നു. ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടെ പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നര്‍ത്തകരുമായ കലാപ്രതിഭകള്‍ വേദിയില്‍ ചേര്‍ന്ന് ഏറ്റവും വര്‍ണ്ണാഭമായ കലാവിരുന്നാണ് ഒരുക്കിയത്.
മഴവില്‍ സംഗീതത്തിന്റെ പന്ത്രണ്ടാം വാര്‍ഷിക ആ ഘോഷത്തോട് അനുബന്ധിച്ച് നടന്ന ഉദ്ഘാടന ചടങ്ങില്‍ വിശിഷ്ടാതിഥികളായി എത്തിയവര്‍ക്ക് അനീഷ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. ലോക കേരളസഭാംഗവും, മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ പ്രസിഡന്റുമായ സി എ ജോസഫ് ഭദ്രദീപം തെളിച്ച് 'മഴവില്‍ സംഗീതം'പന്ത്രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ പോര്‍ട്‌സ്മൗത്ത് ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലി ചെയ്തിരുന്ന രഞ്ജിത ഗോപകുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആളുകള്‍ക്കും ഹൃദയത്തില്‍ ചാലിച്ച ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് മഴവില്‍ സംഗീതത്തിന്റെ യവനിക ഉയര്‍ന്നത്.
യുക്മ നാഷണല്‍ ജോയിന്റ് സെക്രട്ടറി സണ്ണിമോന്‍ മത്തായി, രാജ കൃഷ്ണന്‍ (ജോസ്‌കോ), ബിജേഷ് കുടിലില്‍ ഫിലിപ്പ് ( ലൈഫ് ലൈന്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വിശിഷ്ടാതിഥികള്‍ക്ക് മഴവില്‍ സംഗീതത്തിന്റെ മുഖ്യ സംഘാടകനായ അനീഷ് ജോര്‍ജ് ഉപഹാരങ്ങള്‍ നല്‍കിയും പൊന്നാടയണിയിച്ചും ആദരിച്ചു . കഴിഞ്ഞ 12 വര്‍ഷമായി മഴവില്‍ സംഗീതത്തിന്റെ വളര്‍ച്ചയ്ക്ക് സുത്യര്‍ഹമായ പങ്കുവഹിച്ച സില്‍വി ജോസ്, ജിജി ജോണ്‍സന്‍, നിമിഷ മോഹന്‍ എന്നിവര്‍ക്ക് മഴവില്‍ സംഗീതത്തിന്റെ പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചു.
സന്തോഷ് കുമാര്‍ നയിക്കുന്ന യുകെയിലെ പ്രശസ്തമായ വോക്‌സ് അഞ്ചേല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും, എല്‍ഇഡി സ്‌ക്രീനിന്റെ മികവില്‍ അനുഗ്രഹീതരായ ഗായകാരുടെ ആലാപനം സംഗീതാസ്വാദകര്‍ക്ക് നവ്യാനുഭവം പകര്‍ന്നു.
മഴവില്‍ സംഗീതത്തിന്റെ അമരക്കാരും, യുകെയിലെ അറിയപ്പെടുന്ന ഗായകരുമായ അനീഷ് ജോര്‍ജിനോടും, ടെസ്സ ജോര്‍ജിനോടുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നിന്ന ഷിനു സിറിയക് ,സിജു ജോസഫ്, സുനില്‍ രവീന്ദ്രന്‍ ,റോബിന്‍സ് തോമസ്, സാവന്‍ കുമാര്‍ , ആന്‍സണ്‍ ഡേവിസ്, റോബിന്‍ പീറ്റര്‍, പത്മരാജ്, ജിജി ജോണ്‍സന്‍, സില്‍വി ജോസ്, നിമിഷ മോഹന്‍ തുടങ്ങിയ സംഘാടകര്‍ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു മഴവില്‍ സംഗീതത്തിന്റെ അത്യുജ്വല വിജയം. സ്റ്റേജ് നിയന്ത്രണത്തിന് പുതിയ മാനങ്ങള്‍ നല്‍കി അവതാരകരായി എത്തിയ അനുശ്രീ, പത്മരാജ്, ബ്രൈറ്റ് ,സില്‍വി ജോസ് , ആന്‍സണ്‍ ഡേവിസ് എന്നിവര്‍ വേദി കീഴടക്കി.
യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകള്‍ക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവില്‍ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോര്‍ജും, പത്‌നി ടെസ്സ ജോര്‍ജുമാണ് മഴവില്‍ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്‌കാരത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 11 വര്‍ഷങ്ങളില്‍ നടത്തിയ മികവാര്‍ന്ന പരിപാടികള്‍ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മഴവില്‍ സംഗീതം മാറിക്കഴിഞ്ഞു.
ബിനു നോര്‍ത്താംപ്ടന്‍ (ബീറ്റ്‌സ് ഡിജിറ്റല്‍) ശബ്ദവും വെളിച്ചവും നല്‍കി. സന്തോഷ് ബെഞ്ചമിന്‍ (ഫോട്ടോ ഗ്രാഫിയും) ജിസ്‌മോന്‍ പോള്‍ വീഡിയോയും, ജെയിന്‍ ജോസഫ് , ഡെസിഗ്‌നേജ് ,റോബിന്‍സ് ആര്‍ട്ടിസ്റ്ററി ഗ്രാഫിക്‌സും മികവാര്‍ന്ന രീതിയില്‍ കൈകാര്യം ചെയ്തു പരിപാടിയെ സമ്പന്നമാക്കി.
മഴവില്‍ സംഗീതത്തിന്റെ അനീഷ് ജോര്‍ജ്ജ്, ടെസ്സ ജോര്‍ജ് എന്നിവരോടൊപ്പം യുകെയിലെ ഏറ്റവും മികച്ച ഗായകരും നര്‍ത്തകരും ചേര്‍ന്ന് സംഗീതവും നൃത്തവും സമന്വയിപ്പിച്ച അതുല്യ കലാവൈഭവങ്ങള്‍ സൃഷ്ടിച്ച മാസ്മരിക സായാഹ്നമായിരുന്നു പന്ത്രണ്ടാം വാര്‍ഷീകാഘോഷം യുകെ മലയാളികള്‍ക്ക് സമ്മാനിച്ചത്.
Appachan Kannanchira