ഇന്ത്യന്‍ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇന്ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്.
ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിര്‍ന്ന അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകത്തിലാണ് യാത്ര. ജൂണ്‍ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്‌സിയം ലക്ഷ്യമിടുന്നത്, എല്ലാവരും കഴിഞ്ഞ മേയ് 25 മുതല്‍ ക്വാറന്റീനിലാണ്.
നാസ, ഇസ്രോ, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നിലയത്തിലേക്കെത്തിക്കുന്ന ദൗത്യമാണ് ആക്‌സിയം- 4. ആക്‌സിയം സ്‌പേസ് എന്ന സ്വകാര്യ കമ്പനിയുടെ നാലാമത്തെ മിഷന്‍. സാങ്കേതിക പ്രശ്‌നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണിത്. മൈക്രോ ഗ്രാവിറ്റിയില്‍ 60ലേറെ പരീക്ഷണങ്ങളാണ് സംഘത്തിന്റെ ലക്ഷ്യം. ഐഎസ്ആര്‍ഒക്കായി ഏഴ് പരീക്ഷണങ്ങള്‍ ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. 550 കോടി രൂപയാണ് പദ്ധതിക്കായി ഇന്ത്യ ചെലവിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശുഭാന്‍ഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിക്ക് കൂടുതല്‍ കരുത്ത് പകരും.
1984ല്‍ സോവിയറ്റ് ബഹിരാകാശ പേടകത്തില്‍ പറന്ന രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യന്‍ പൗരന്‍. കല്‍പ്പന ചൗള, സുനിത വില്യംസ് തുടങ്ങിയ ഇന്ത്യന്‍ വംശജരും നാസ ദൗത്യങ്ങളുടെ ഭാഗമായി ബഹിരാകാശത്തേക്ക് യാത്ര ചെയ്തിട്ടുണ്ട്.