ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിനിടെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിക്കാന്‍ സൈന്യം ശ്രമിച്ചുവെങ്കിലും അവസരം കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് വ്യക്തമാക്കി.
ഇസ്രായേലി ചാനലുകളായ ചാനല്‍ 12, ചാനല്‍ 13, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കാന്‍ എന്നിവരുമായി നടത്തിയ അഭിമുഖങ്ങളില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ഖമനേയി ഒളിവില്‍ പോയതോടെയാണ് പദ്ധതി പാളിയതെന്നും അദ്ദേഹം പറഞ്ഞു. ഖമനേയിയെ ഒരുപാട് തിരഞ്ഞെന്നും കണ്ടെത്തിയാല്‍ വധിക്കുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലി പ്രതിരോധ സേനയും (IDF) രഹസ്യാന്വേഷണ ഏജന്‍സികളും ഇറാന്റെ ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നെങ്കിലും ഖമനേിയിയെ വധിക്കാന്‍ ശ്രമിച്ചുവെന്നത് ആദ്യ വെളിപ്പെടുത്തലാണ്. ഖമനേയി ബങ്കറിലേക്ക് പിന്‍വാങ്ങിയെന്നും ഉന്നത സൈനിക കമാന്‍ഡര്‍മാരുമായുള്ള ആശയവിനിമയം വിച്ഛേദിച്ചുവെന്നും കാറ്റ്‌സ് അവകാശപ്പെട്ടു. ഇസ്രായേലിന്റെ നീക്കം ഖമനേയി മനസ്സിലാക്കി, വളരെ ആഴത്തിലുള്ള ബങ്കറിലേക്ക് മാറുകയും കമാന്‍ഡര്‍മാരുമായുള്ള ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഖമനേയിയെ വധിക്കാനായില്ലെന്നും കാറ്റ്‌സ് അവകാശപ്പെട്ടു.