
















അനധികൃത കുടിയേറ്റക്കാരെ തടയുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നടപ്പാക്കിയ 'വണ്‍ ഇന്‍, വണ്‍ ഔട്ട്' പദ്ധതി വെള്ളത്തിലെ വരയായി മാറുന്നു. ഫ്രഞ്ച് തീരത്ത് നിന്നും അനധികൃത കുടിയേറ്റക്കാരെ വഹിക്കാനുള്ള ചെറുബോട്ടുകള്‍ യാതൊരു എതിര്‍പ്പും നേരിടാതെ അനസ്യൂതം ഒഴുകിയെത്തുന്ന കാഴ്ചയാണ് ബ്രിട്ടീഷ് സ്വപ്‌നങ്ങള്‍ തകര്‍ക്കുന്നത്.
യുകെയിലേക്ക് അനധികൃത കുടിയേറ്റക്കാരെ കടത്താന്‍ ഫ്രഞ്ച് പോലീസിന്റെ കണ്‍മുന്നിലേക്ക് ചെറുബോട്ടുമായി എത്തുമ്പോഴും തടയാനോ, ഇടപെടാനോ പോലും ഫ്രഞ്ച് പോലീസ് മിനക്കെടുന്നില്ല. ഫ്രഞ്ച് തീരത്ത് നിന്നും ആളുകളെ കയറ്റി ബോട്ടുകള്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് യുകെയിലേക്ക് യാത്ര തിരിക്കുകയാണ്.
പുരുഷന്‍മാരും, സ്ത്രീകളും, കുട്ടികളും അടങ്ങുന്ന സംഘങ്ങള്‍ ബോട്ടില്‍ കയറുമ്പോള്‍ ബീച്ചില്‍ ഇതിന് കാഴ്ചക്കാരായി മാറുകയാണ് ഫ്രഞ്ച് പോലീസ് ഓഫീസര്‍മാര്‍. ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഡോവറില്‍ ആദ്യ ചെറുബോട്ട് കുടിയേറ്റക്കാരെ തടങ്കലില്‍ എടുത്തതിന് പിന്നാലെയാണ് ഇത്.
ലേബര്‍ ഗവണ്‍മെന്റിന്റെ പദ്ധതി പ്രകാരം തടങ്കലില്‍ എടുത്ത കുടിയേറ്റക്കാരെ ഡിറ്റന്‍ഷന്‍ സെന്ററുകളിലാണ് പാര്‍പ്പിക്കുക. എന്നാല്‍ ഈ പദ്ധതി അനധികൃത കുടിയേറ്റം തടയാന്‍ യാതൊരു വിധത്തിലും സഹായിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.