CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 5 Seconds Ago
Breaking Now

ക്രിസ്മസ് വീട്ടിലിരുന്ന് ആഘോഷിക്ക്! റേച്ചല്‍ റീവ്‌സിനെ വീട്ടിലിരുത്താന്‍ അണിയറയില്‍ പദ്ധതികള്‍ തയ്യാറാക്കി പ്രാദേശിക ലേബര്‍ എംപിമാര്‍; ഫാമിലി ഫാം നികുതികള്‍ തങ്ങളുടെ സീറ്റ് തെറിപ്പിക്കുമെന്ന് പാര്‍ട്ടി എംപിമാര്‍ക്ക് ആശങ്ക

കഴിഞ്ഞ ആഴ്ചയിലെ ബജറ്റിന് ശേഷം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉള്‍പ്പെടെ റീവ്‌സിന് രാജിസമ്മര്‍ദമുണ്ട്

ക്രിസ്മസ് ആഘോഷിക്കുമ്പോഴേക്കും റേച്ചല്‍ റീവ്‌സിന്റെ ചാന്‍സലര്‍ പണി തെറിപ്പിച്ച് വീട്ടിലിരുത്താന്‍ നീക്കങ്ങളുമായി പ്രാദേശിക ലേബര്‍ എംപിമാര്‍. റീവ്‌സിന്റെ ഫാമിലി ഫാം നികുതികള്‍ തങ്ങളുടെ സീറ്റ് നഷ്ടമാക്കാന്‍ ഇടയാക്കുമെന്ന ആശങ്കയിലാണ് എംപിമാരുടെ പദ്ധതി. 

ചൊവ്വാഴ്ച രാത്രി ഫാം ടാക്‌സ് സംബന്ധിച്ച് സുപ്രധാന ബജറ്റ് വോട്ട് നടന്നപ്പോള്‍ വിപ്പ് ലംഘിച്ച് ഡസന്‍ കണക്കിന് ലേബര്‍ എംപിമാര്‍ വിട്ടുനിന്നു. നികുതിക്ക് എതിരെ വോട്ട് ചെയ്ത പെന്റിത്ത് & സോള്‍വെ എംപി മാര്‍ക്കസ് കാംപെല്‍ സേവേഴ്‌സിനെ പാര്‍ലമെന്ററി ലേബര്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. 

വിഷയത്തില്‍ 48 എംപിമാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി ലേബര്‍ ശ്രോതസ്സുകളെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസിന് മുന്‍പ് റീവ്‌സിനെ താഴെയിറക്കാനുള്ള നീക്കങ്ങളാണ് ഇവര്‍ ചര്‍ച്ച ചെയ്യുന്നതെന്നാണ് വിവരം. ഈ എംപിമാരുടെ മണ്ഡലങ്ങളിലെ ജനങ്ങള്‍ക്ക് ഗുരുതരമായ പ്രശ്‌നമായി മാറുന്ന വിഷയമായിട്ടും, ഇവരെ കേള്‍ക്കാന്‍ റീവ്‌സ് തയ്യാറല്ല, ഈ പെരുമാറ്റത്തില്‍ അവര്‍ രോഷത്തിലാണ്, ശ്രോതസ്സ് പറയുന്നു. 

കഴിഞ്ഞ ആഴ്ചയിലെ ബജറ്റിന് ശേഷം സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഉള്‍പ്പെടെ റീവ്‌സിന് രാജിസമ്മര്‍ദമുണ്ട്. ബജറ്റിനുള്ള ഒരുക്കത്തില്‍ പൊതുഖജനാവിന്റെ സ്ഥിതി വളരെ മോശമാണെന്നും, ലേബര്‍ പ്രകടനപത്രിക പോലും ലംഘിച്ച് ഇന്‍കം ടാക്‌സ് വരെ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും നുണ പറഞ്ഞെന്ന് വ്യക്തമായതോടെയാണ് ചാന്‍സലറുടെ കസേര ഇളകി തുടങ്ങിയത്. ടോറി നേതാവ് കെമി ബാഡെനോക് ചാന്‍സലറെ അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 

എന്നാല്‍ പ്രചരിപ്പിച്ചത് പോലുള്ള പ്രശ്‌നങ്ങളില്ലെന്നും സാമ്പത്തിക നിയമങ്ങള്‍ പാലിക്കാന്‍ കഴിയുമെന്നും ചാന്‍സലര്‍ക്ക് വ്യക്തമായി അറിവുണ്ടായിരുന്നുവെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി വെളിപ്പെടുത്തി. ഇതിന്റെ പേരില്‍ ഇപ്പോള്‍ ഒബിആര്‍ ചെയര്‍മാന്‍ റിച്ചാര്‍ഡ് ഹ്യൂഗ്‌സിന് രാജി വെയ്‌ക്കേണ്ടിയും വന്നു. 




കൂടുതല്‍വാര്‍ത്തകള്‍.