വിദേശ ക്രിമിനലുകളെ അതിവേഗം നാടുകടത്താനുള്ള പദ്ധതിയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി. യുകെ ഗവണ്‍മെന്റിന്റെ 'ഡിപ്പോര്‍ട്ട് ഫസ്റ്റ്, അപ്പീല്‍ ലേറ്റര്‍' സ്‌കീം വികസിപ്പിച്ച് 15 രാജ്യങ്ങളില്‍ നിന്നുള്ളവരെ കൂടി നാടുകടത്തല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.
ഇംഗ്ലണ്ടിലും, വെയില്‍സിലും പ്രാബല്യത്തിലുള്ള സ്‌കീം പ്രകാരം യുകെയില്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ആദ്യം നാടുകടത്തുകയും, അതിന് ശേഷം അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് രീതി. പട്ടികയില്‍ ഇന്ത്യക്ക് പുറമെ ബള്‍ഗേറിയ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങി 15 രാജ്യങ്ങളെ കൂടിയാണ് ചേര്‍ത്തിരിക്കുന്നത്.
2014-ല്‍ കണ്‍സര്‍വേറ്റീവുകള്‍ ആരംഭിച്ച സ്‌കീമില്‍ വിദേശ ക്രിമിനലുകള്‍ക്ക് യുകെയില്‍ ശിക്ഷ ലഭിച്ചാല്‍ ഇവരെ നീക്കം ചെയ്യാന്‍ അവകാശം നല്‍കുകയാണ് ചെയ്യുക. സ്വന്തം നാട്ടിലേക്ക് കടത്തിയാല്‍ അപകടമില്ലെന്ന് തെളിയിച്ചാല്‍ ഇത് സാധിക്കുന്ന രീതിയിലാണ് നിയമനിര്‍മ്മാണം.
എട്ട് രാജ്യങ്ങളിലേക്ക് ഈ സ്‌കീം ആദ്യം നടപ്പാക്കി. ഇപ്പോള്‍ അംഗോള, ബോട്‌സ്വാന, ബ്രൂണെ, കാനഡ, ഗയാന, ഇന്തോനേഷ്യ, കെനിയ, ലാത്വിയ, ലെബണന്‍, മലേഷ്യ, ഉഗാണ്ട, ഗാംബിയ എന്നീ രാജ്യങ്ങളെയും ചേര്‍ത്തു.
വിദേശ ക്രിമിനലുകളെ വേഗത്തില്‍ നാടുകടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സ്‌കീം. എന്നാല്‍ ബ്രിട്ടനില്‍ കുറ്റകൃത്യം നടത്തി എളുപ്പം രക്ഷപ്പെടുന്നത് പോലെയാണ് സ്‌കീമെന്ന ആരോപണവും ശക്തമാണ്.