ബ്രിട്ടനിലെ തെരുവുകളില്‍ സ്വയം പ്രഖ്യാപിത സംരക്ഷണ സംഘങ്ങള്‍ വിളയാടുന്നതിനെ ന്യായീകരിച്ച് റിഫോം യുകെയുടെ ഏക വനിതാ എംപി. ഇത്തരം സംഘങ്ങള്‍ സ്വയം പ്രഖ്യാപിത പട്രോളിംഗ് നടത്തുന്നതില്‍ അത്ഭുതം വേണ്ടെന്നാണ് സാറാ പോച്ചിന്‍ പ്രഖ്യാപിക്കുന്നത്. ഇമിഗ്രേഷന്‍ മൂലം സ്ത്രീകളുടെ സുരക്ഷ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് പട്രോളിംഗ് വേണ്ടിവരുന്നതെന്ന് റണ്‍കോണ്‍ & ഹെല്‍സ്ബി എംപി ന്യായീകരിക്കുന്നു.
ലേബര്‍ ഗവണ്‍മെന്റ് സ്ത്രീകളെയും, പെണ്‍കുട്ടികളെയും ചതിക്കുകയാണെന്ന ആരോപണവും റിഫോം എംപി ശക്തമാക്കി. മധ്യകാല ആശയങ്ങളില്‍ നിന്നും മുക്തി നേടാത്ത അഭയാര്‍ത്ഥി അപേക്ഷകരെ തടയാന്‍ പരാജയപ്പെടുന്ന ഗവണ്‍മെന്റ് സ്ത്രീവിരുദ്ധതയിലേക്ക് എണ്ണ പകരുന്നുവെന്ന നിലയിലാണ് പോച്ചിന്റെ പ്രസ്താവനകള്‍.
'ബ്രിട്ടീഷ് പുരുഷന്‍മാര്‍ സ്വയം ഗാര്‍ഡിയന്‍ ഏഞ്ചലായി തെരുവുകളില്‍ പട്രോലിംഗ് നടത്തുന്നതില്‍ അത്ഭുതം വേണ്ട. നമ്മുടെ പെണ്‍മക്കളെയും, കാമുകിമാരെയും, ഭാര്യമാരെയും, അമ്മമാരെയും വരെ സംരക്ഷിക്കാന്‍ ഇത് വേണ്ടിവരുന്നു. അനധികൃത കുടിയേറ്റക്കാര്‍ സ്‌കൂളുകള്‍ക്കും, പാര്‍ക്കുകള്‍ക്കും ചുറ്റും കറങ്ങി നടക്കുമ്പോള്‍ ഇത് എങ്ങനെ ഒഴിവാക്കാന്‍ കഴിയും, പ്രത്യേകിച്ച് സ്ത്രീകളോട് മോശം നിലപാടുള്ള പുരുഷന്‍മാരാണ് ഇത്', റിഫോം എംപി ചൂണ്ടിക്കാണിച്ചു.
അഫ്ഗാനിസ്ഥാന്‍ പോലുള്ള മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പുരുഷന്‍മാര്‍ സ്ത്രീകളുടെ അവകാശങ്ങളില്‍ മധ്യകാല നിലപാട് പാലിക്കുന്നവരാണെന്നതാണ് സത്യം. ഈ പുരുഷന്‍മാരില്‍ നിന്നും സ്ത്രീകള്‍ക്ക് ലൈംഗിക പീഡനവും, ബലാത്സംഗവും നേരിടേണ്ടി വരും. നൂറുകണക്കിന് യുവാക്കളാണ് ഇത്തരത്തില്‍ രാജ്യത്ത് പ്രവേശിക്കുന്നത്. ഇവര്‍ ലൈംഗികമായി അരാജകത്വം നേരിടുന്നവരാണ്, ഈ നിലപാട് സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ കാരണമാകും, പോച്ചിന്‍ അവകാശപ്പെട്ടു.