യുകെയില്‍ ശമ്പളം കുറയുന്നതിന്റെയും, ഉയരുന്ന പണപ്പെരുപ്പത്തില്‍ തൊഴില്‍ വിപണി തണുക്കുന്നതിന്റെയും സൂചനകള്‍ പുറത്ത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ബോണസുകള്‍ ഒഴിവാക്കിയാല്‍ വാര്‍ഷിക ശമ്പളം 5 ശതമാനം മാത്രമാണ് വര്‍ദ്ധിച്ചത്.
യഥാര്‍ത്ഥ തോതില്‍ പണപ്പെരുപ്പത്തിന്റെ സിപിഐ അളവ് നോക്കിയാല്‍ ശമ്പള വളര്‍ച്ച റെഗുലര്‍ പേയുടെ 0.9 ശതമാനവും, ടോട്ടല്‍ പേയുടെ 0.5 ശതമാനവും മാത്രമാണ്.
മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്. ജൂണ്‍ വരെ മൂന്ന് മാസങ്ങളില്‍ പബ്ലിക് സെക്ടറില്‍ വരുമാന വളര്‍ച്ച 5.7 ശതമാനവും, പ്രൈവറ്റ് സെക്ടറില്‍ 4.8 ശതമാനവുമാണ്.
ഏറ്റവും പുതിയ ഒഎന്‍എസ് കണക്കുകള്‍ പ്രകാരം യുകെയുടെ തൊഴിലില്ലായ്മ നിരക്ക് ജൂണ്‍ വരെയുള്ള മാസങ്ങളില്‍ 4.7 ശതമാനത്തില്‍ തുടരുകയാണ്. ലേബര്‍ വിപണി തണുക്കുന്നതിന്റെ തുടര്‍ച്ചയായ സൂചനയാണ് ഇതില്‍ നിന്നും ലഭിക്കുന്നതെന്ന് ഒഎന്‍എസ് വ്യക്തമാക്കി.
പേറോളിലുള്ള ജോലിക്കാരുടെ എണ്ണം കഴിഞ്ഞ 12 മാസത്തില്‍ 10 മാസവും താഴ്ന്നു. തൊഴിലവസരങ്ങളും തുടര്‍ച്ചയായി താഴേക്കാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഈ കണക്കുകള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.
ഒക്ടോബറിലെ ലേബര്‍ ഗവണ്‍മെന്റ് ബജറ്റിന് ശേഷം തൊഴിലില്ലായ്മ 4.3 ശതമാനത്തില്‍ നിന്നും 4.7 ശതമാനത്തിലേക്ക് വര്‍ദ്ധിക്കുകയാണ് ചെയ്തത്. 2026 മധ്യത്തോടെ ഇത് 5 ശതമാനത്തിന് അടുത്ത് എത്തുമെന്ന് കേന്ദ്ര ബാങ്ക് പ്രവചിക്കുന്നു.