ബ്രിട്ടനിലേക്ക് അനധികൃത കുടിയേറ്റക്കാരുടെ വരവ് തടയാന്‍ കഴിയാതെ വിയര്‍ക്കുകയാണ് കീര്‍ സ്റ്റാര്‍മറും സംഘവും. അധികാരത്തിലെത്തിയ ആദ്യ ദിനത്തില്‍ മുന്‍ ടോറി ഗവണ്‍മെന്റ് നടപ്പാക്കിയ റുവാന്‍ഡ പ്ലാന്‍ റദ്ദാക്കാന്‍ ആവേശം കാണിച്ചെങ്കിലും പിന്നീട് വ്യക്തമായ പദ്ധതിയില്ലാതെ ഇരുട്ടില്‍ തപ്പിയ ലേബര്‍ ഗവണ്‍മെന്റ് ഇപ്പോള്‍ ഇതിന്റെ പ്രത്യാഘാതവും അനുഭവിക്കുകയാണ്.
ലേബര്‍ അധികാരത്തിലെത്തിയ ശേഷം ചെറുബോട്ടുകളില്‍ കയറി ബ്രിട്ടീഷ് തീരം അണയുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 50,000 കടന്നുവെന്ന കണക്കുകളാണ് ഞെട്ടിപ്പിക്കുന്നത്. ചാനല്‍ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ പ്രധാനമന്ത്രി സ്റ്റാര്‍മര്‍ക്ക് ശേഷിയില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ഈ കുതിപ്പ്.
അതേസമയം ഈ പ്രശ്‌നം തങ്ങളുടെ കുറ്റമല്ലെന്ന തരത്തില്‍ തലയൂരാനാണ് ലേബര്‍ ഇപ്പോഴും ശ്രമിക്കുന്നത്. മുന്‍ ഗവണ്‍മെന്റിന്റെ കെടുകാര്യസ്ഥതയാണ് ഇതിന് കാരണമെന്നാണ് മുന്‍ ലേബര്‍ ഹോം സെക്രട്ടറി ജാക്വി സ്മിത്ത് അവകാശപ്പെടുന്നത്. ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ശേഷം വര്‍ദ്ധിത വീര്യത്തോടെ ചാനല്‍ കുടിയേറ്റം നടക്കുന്നതിന്റെ വാര്‍ത്തകള്‍ ദിവസേന പുറത്തുവരുമ്പോഴാണ് ഈ ന്യായീകരണം.
ഫ്രഞ്ച് പ്രസിഡന്റുമായി കരാറുണ്ടാക്കിയെന്ന സ്റ്റാര്‍മറുടെ അവകാശവാദം ദിവസങ്ങള്‍ കൊണ്ട് പൊളിഞ്ഞ് പാളീസാകുന്ന കാഴ്ചയാണ് കണ്ടത്. പ്രത്യേകിച്ച് അനധികൃത കുടിയേറ്റക്കാര്‍ ഫ്രഞ്ച് തീരത്ത് നിന്നും യാത്രയാകുമ്പോള്‍ തടയാന്‍ അവിടുത്തെ പോലീസ് യാതൊന്നും ചെയ്യുന്നില്ല. തിരിച്ചയയ്ക്കുമെന്ന പദ്ധതി പ്രതിരോധം തീര്‍ക്കുന്നുമില്ല.
ഇതിനിടെ പോര്‍ച്ചുഗലില്‍ സമാനമായ രീതിയില്‍ പ്രവേശിച്ച അനധികൃത കുടിയേറ്റക്കാരെ പിടികൂടി ജഡ്ജിക്ക് മുന്നില്‍ ഹാജരാക്കി അപ്പോള്‍ തന്നെ നാടുകടത്താന്‍ ഉത്തരവിട്ട വാര്‍ത്തയും പുറത്തുവരുന്നുണ്ട്.