ലേബര്‍ ഗവണ്‍മെന്റിന്റെ ക്രെഡിറ്റില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി. പാര്‍ട്ടി അധികാരത്തിലെത്തിയ ശേഷം തൊഴിലില്ലായ്മ ആനുകൂല്യം കൈപ്പറ്റുന്നവരുടെ എണ്ണം റെക്കോര്‍ഡ് തൊട്ടുവെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ലേബര്‍ അധികാരത്തിലെത്തിയ ശേഷം തൊഴിലില്ലായ്മ ആനുകൂല്യം കൈപ്പറ്റുന്നവരുടെ എണ്ണത്തില്‍ ഒരു മില്ല്യണ്‍ പേരുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
വര്‍ക്ക് & പെന്‍ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങുന്നവരുടെ എണ്ണം 8 മില്ല്യണിലെത്തി. 2013-ല്‍ ഈ ആനുകൂല്യം നല്‍കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയാണിത്. 2024 ജൂലൈയില്‍ 6.9 മില്ല്യണ്‍ ജനങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ദ്ധനവ്.
യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വഴി ജീവിതച്ചെലവുകള്‍ക്കായി ആളുകള്‍ക്ക് സഹായം ലഭിക്കുന്നു. കുറഞ്ഞ വരുമാനമുള്ളവര്‍ക്കും, ജോലി ഇല്ലാത്തവര്‍ക്കും ഇത് ലഭ്യമാണ്. കഴിഞ്ഞ 12 മാസത്തിനിടെ അപേക്ഷകരുടെ എണ്ണം കുത്തനെ ഉയര്‍ന്നത് യാതൊരു ജോലിയും ചെയ്യാത്തവരുടെ പേരിലാണെന്നാണ് വ്യക്തമാകുന്നത്.
ജോലി അന്വേഷിക്കുക പോലും ചെയ്യാതെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം ഈ വര്‍ഷം ജൂലൈയില്‍ 3.7 മില്ല്യണിലെത്തിയിരുന്നു. 2024 ജൂലൈ 1 മുതല്‍ 39 ശതമാനം വര്‍ദ്ധനവാണ് ഇത്. ഇതോടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റില്‍ 46 ശതമാനം ജനങ്ങളും ഒരു ജോലിയും ചെയ്യാത്തവരോ, അന്വേഷിക്കാത്തവരോ ആണെന്നാണ് വ്യക്തമാകുന്നത്.
ലേബര്‍ ഗവണ്‍മെന്റിനും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനും ഈ കണക്ക് നാണക്കേടാണ്. പ്രത്യേകിച്ച് ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ സ്വന്തം എംപിമാരുടെ വിമതനീക്കത്തെ തുടര്‍ന്ന് റീവ്‌സിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു.