കഴിഞ്ഞ സെപ്റ്റംബറില്‍ കൊല്ലപ്പെട്ട പിതാവിന്റെ കൊലയാളിക്കും, അവന്റെ സഹായിക്കും ശിക്ഷ വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ലെന്ന ബ്രിട്ടീഷ് കോടതി നിലപാടില്‍ നിരാശരായി ഇന്ത്യന്‍ വംശജന്റെ മകള്‍. കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട കൗമാരക്കാരന്റെ ശിക്ഷാ കാലാവധി നീട്ടാന്‍ കഴിയില്ലെന്ന് കോര്‍ട്ട് ഓഫ് അപ്പീല്‍ തീരുമാനിച്ചതാണ് ഇരയുടെ കുടുംബത്തെ നിരാശരാക്കുന്നത്.
ലെസ്റ്റര്‍ഷയര്‍ ബ്രൗണ്‍സ്റ്റോണ്‍ ടൗണിലെ വീടിന് സമീപമുള്ള പാര്‍ക്കില്‍ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് 80-കാരനായ ഭീം കോഹ്‌ലി അക്രമിക്കപ്പെടുന്നത്. എന്നാല്‍ ഒരു കാരണവുമില്ലാതെ അക്രമത്തിന് ഇരയായി മരണപ്പെട്ടിട്ടും, കൊലയാളിക്ക് നല്‍കിയ ശിക്ഷ തീരെ കുറഞ്ഞ് പോയെന്ന് കുടുംബം കരുതുന്നു. ഇതിന്റെ ഭാഗമായി ശിക്ഷാവിധി കടുപ്പിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
15-ാം വയസ്സിലാണ് കൊലയാളി നരഹത്യാ കേസില്‍ ശിക്ഷിക്കപ്പെടുന്നത്. ഏഴ് വര്‍ഷത്തെ കസ്റ്റഡി ശിക്ഷയും, കൂട്ടാൡയായ 13-കാരിക്ക് മൂന്ന് വര്‍ഷത്തെ റിഹാബിലിറ്റേഷനും മാത്രമാണ് ലഭിച്ചത്. പ്രായം തികയാത്തതിനാല്‍ ഇവരുടെ പേരുവിവരങ്ങള്‍ രഹസ്യമാണ്.
എന്നാല്‍ ഈ കൗമാരക്കാര്‍ ചെയ്ത് കൂട്ടുന്ന ക്രൂരതകള്‍ക്ക് മറ്റുള്ളവര്‍ക്ക് ജീവന്‍ നഷ്ടമാകുമ്പോള്‍ ശിക്ഷ ഇത് പോരെന്നാണ് കോഹ്‌ലി കുടുംബം ചൂണ്ടിക്കാണിക്കുന്നത്. വിഷയം പാര്‍ലമെന്റില്‍ എത്തിച്ച് ശിക്ഷാ നിബന്ധനകള്‍ മാറ്റണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
കുടുംബത്തിന്റെ ആവശ്യം ന്യായയമാണെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാണിച്ചിരുന്നു. അതേസമയം കൗമാരക്കാരന്റെ അഭിഭാഷകര്‍ ശിക്ഷ കുറച്ച് കിട്ടാനാണ് ശ്രമം നടത്തിയത്. നിലവിലെ ശിക്ഷാ കാലാവധി പര്യാപ്തമാണെന്നാണ് കോര്‍ട്ട് ഓഫ് അപ്പീല്‍ വിധിച്ചത്.