നികുതി വര്‍ദ്ധിപ്പിക്കുകയെന്ന പോംവഴി മാത്രമാണ് മുന്നിലുള്ളതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുമ്പോള്‍ മറിച്ചാണ് സ്ഥിതിയെന്ന് വാദിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ബ്രിട്ടന്റെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്കും, നിക്ഷേപങ്ങള്‍ക്കുമാണ് വരുന്ന ബജറ്റില്‍ മുന്‍ഗണന നല്‍കുകയെന്നാണ് റീവ്‌സിന്റെ നിലപാട്.
സാമ്പത്തിക വളര്‍ച്ച മോശമാകുമ്പോള്‍ നികുതി കൂട്ടുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ഈ നിലപാട് സ്വീകരിക്കുന്നത്. ബജറ്റിന്റെ ഒരുക്കങ്ങളില്‍ മുന്‍ഗണന നല്‍കുന്ന വിഷയങ്ങളെ കുറിച്ച് വ്യക്തമാക്കവെയാണ് ഉയര്‍ന്ന നിക്ഷേപത്തിലൂടെ സമ്പദ് വ്യവസ്ഥയുടെ ശേഷി മെച്ചപ്പെടുത്താനും, പ്ലാനിംഗ് നിയമങ്ങള്‍ പരിഷ്‌കരിച്ച് നികുതി, ചെലവഴിക്കല്‍ പദ്ധതികള്‍ ഉഷറാക്കാനുമാണ് നീക്കമെന്നാണ് റീവ്‌സിന്റെ നിലപാട്.
തന്റെ ആദ്യ ബജറ്റ് അവതരണത്തിലും ചാന്‍സലര്‍ ഇതൊക്കെയാണ് പറഞ്ഞ് വെച്ചതെങ്കിലും സംഭവിച്ചത് നേര്‍വിപരീതമായിരുന്നുവെന്ന് മാത്രമല്ല ഇപ്പോള്‍ തൊഴിലവസരങ്ങള്‍ കുറയാനും, നിക്ഷേപം ഇടിയാനും വരെ ഇത് വഴിയൊരുക്കുകയും ചെയ്തു. എന്നാല്‍ ലേബറിന്റെ ആദ്യ വര്‍ഷത്തില്‍ അടിസ്ഥാനം ശരിയാക്കുകയായിരുന്നു ഉദ്ദേശമെന്നാണ് റീവ്‌സ് ഇപ്പോള്‍ അവകാശപ്പെടുന്നത്.
40 ബില്ല്യണ്‍ പൗണ്ടിന്റെ കമ്മി നേരിടുമ്പോള്‍ നികുതി കൂട്ടാതെ തരമില്ലെന്ന വാദങ്ങളെ റീവ്‌സ് നിലവില്‍ തള്ളുന്നുണ്ട്. ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് ചാന്‍സലറുടെ വാദം. എന്നാല്‍ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ ലേബറിന്റെ റെക്കോര്‍ഡ് മോശമായി കൊണ്ടിരിക്കുകയാണ്. ജൂണ്‍ മാസത്തിലെ ജിഡിപി നിരക്ക് പുറത്തുവരാന്‍ ഇരിക്കവെയാണ് ചാന്‍സലറുടെ വാദം.