യുകെ സമ്പദ് വ്യവസ്ഥ രണ്ടാം പാദത്തില്‍ പ്രതീക്ഷയ്ക്ക് വിപരീതമായി വളര്‍ച്ച രേഖപ്പെടുത്തി. വര്‍ഷത്തിന്റെ ആദ്യം ശക്തമായി തുടങ്ങിയ ശേഷം ആശങ്ക വര്‍ദ്ധിച്ചിരിക്കവെയാണ് ജിഡിപി ചെറിയ തോതില്‍ ഉയര്‍ന്നതായി ഔദ്യോഗിക കണക്കുകള്‍ രേഖപ്പെടുത്തിയത്.
ജൂണ് അവസാനം വരെയുള്ള മൂന്ന് മാസങ്ങളില്‍ ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട് 0.3 ശതമാനത്തിലേക്ക് എത്തിയതായാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. ആദ്യ പാദത്തില്‍ 0.7 ശതമാനത്തില്‍ നിന്നിരുന്ന ഇടത്ത് നിന്നുമാണ് ഈ കുറവ്.
0.1% വളര്‍ച്ച മാത്രമാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചത്. ഇതിനെ മറികടന്നുള്ള ശതമാന കണക്ക് രേഖപ്പെടുത്തിയെന്നത് മാത്രമാണ് ഗവണ്‍മെന്റിന് ആശ്വാസമാകുന്നത്. സമ്പദ് വ്യവസ്ഥയെ കൈകാര്യം ചെയ്യുന്നതില്‍ പാളിച്ച നേരിടുന്നതായി ആരോപണം ഉയരുമ്പോള്‍ റേച്ചല്‍ റീവ്‌സിന് തല്‍ക്കാലം പിടിച്ചുനില്‍ക്കാന്‍ ഈ വളര്‍ച്ച ഉപകരിക്കും.
വര്‍ഷത്തിന്റെ തുടക്കം മെച്ചമായിരുന്നെങ്കിലും രണ്ടാം പാദത്തില്‍ വളര്‍ച്ച കുറഞ്ഞതായി ഒഎന്‍എസ് വ്യക്തമാക്കി. ഏപ്രില്‍, മേയ് മാസങ്ങളില്‍ സമ്പദ് വ്യവസ്ഥയും ദുര്‍ബലമായി. നികുതി വര്‍ദ്ധനവുകള്‍ ഉള്‍പ്പെടെ ഈ ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു.