ബ്രിട്ടനില്‍ ചെലവേറാത്ത സാധനങ്ങള്‍ ഒന്നും തന്നെയില്ല. ഇപ്പോള്‍ പഠനത്തിനുള്ള ചെലവും വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പണപ്പെരുപ്പവുമായി ബന്ധിപ്പിച്ച് ട്യൂഷന്‍ ഫീസ് ഓരോ വര്‍ഷവും വര്‍ദ്ധിപ്പിച്ചാല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ചെലവേറുമെന്നതാണ് അവസ്ഥ.
ഇത് സംഭവിച്ചാല്‍ അടുത്ത വര്‍ഷത്തോടെ ഫീസ് 250 പൗണ്ടിലേറെ വര്‍ദ്ധിച്ച് 9800 പൗണ്ടിന് സമീപമെത്തും.2027-ഓടെ ഇത് 10,000 പൗണ്ട് കടക്കാനും സാധ്യതയുണ്ട്. അധിക ഫണ്ടിംഗ് ലഭിച്ചില്ലെങ്കില്‍ പല യൂണിവേഴ്‌സിറ്റികളും പൊട്ടി പാപ്പരാകുമെന്ന നിലയിലാണെന്നത് ആശങ്ക ഉയര്‍ത്തുന്നതിനിടെയാണ് ഈ നീക്കം.
ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റിയുടെ പണപ്പെരുപ്പ പ്രവചനത്തിന് ആനുപാതികമായി ഓരോ അക്കാഡമിക് വര്‍ഷത്തിന്റെ തുടക്കത്തിലും ഫീസ് വര്‍ദ്ധിപ്പിക്കാനാണ് എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആലോചിക്കുന്നതെന്ന് ദി ഐ പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ നവംബറിലാണ് എഡ്യുക്കേഷന്‍ സെക്രട്ടറി ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചത്. 9250 പൗണ്ടില്‍ നിന്നും 9535 പൗണ്ടിലേക്കാണ് ഫീസ് ഉയര്‍ത്തിയത്. ഓട്ടം സീസണില്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ദ്ധന അനുഭവപ്പെടും.
അതേസമയം പണപ്പെരുപ്പത്തിന് ആനുപാതികമായി ഫീസ് ഉയര്‍ത്തിയാല്‍ 2.7 ശതമാനം വര്‍ദ്ധന നേരിടും. ഇതുവഴി ഫീസ് 9792 പൗണ്ടിലെത്തും. പാര്‍ലമെന്റിന്റെ ഇരുസഭകളും അംഗീകരിച്ചാലാണ് ഫീസ് വര്‍ദ്ധനയ്ക്കുള്ള നിയമനിര്‍മ്മാണം പൂര്‍ത്തിയാകുക.