CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 24 Seconds Ago
Breaking Now

ലിവര്‍പൂള്‍ മലയാളി അസോസിയേഷനും (ലിമ) ലിവര്‍പൂള്‍ ടൈഗേഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓള്‍ യു കെ വടംവലി മത്സരം ; പുരുഷ വിഭാഗത്തില്‍ കെന്റില്‍ നിന്നുള്ള ടണ്‍ബ്രിഡ്ജ് വെല്‍സ് ടസ്‌കേഴ്‌സ് ചാമ്പ്യന്മാരായി ; വനിതാ വിഭാഗത്തില്‍ ലിമയുടെ ടീം ട്രോഫി സ്വന്തമാക്കി

യു.കെ.യിലെ കായിക പ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഓള്‍ യു.കെ. പുരുഷ-വനിതാ വടംവലി മത്സരം ഒക്ടോബര്‍ നാലിന് ലിവര്‍പൂളിലെ നോസ്ലി ലീഷര്‍ & കള്‍ച്ചര്‍ പാര്‍ക്ക് ഹാളില്‍ (Knowsley Leisure & Culture Park Hall, Huyton) വിജയകരമായി സമാപിച്ചു. മലയാളി സമൂഹത്തിനുവേണ്ടി നിരന്തരമായി പ്രവര്‍ത്തിച്ച ജോസ് കണ്ണങ്കരയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് സ്ഥാപിച്ചതാണ് ഈ  മെമ്മോറിയല്‍ ട്രോഫി. ഉദ്ഘാടന ചടങ്ങിനിടെ സംസാരിച്ച പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഹരികുമാര്‍ ഗോപാലന്‍, ഈ കായിക മാമാങ്കത്തിന്റെ പ്രചോദനം ലിവര്‍പൂള്‍ മലയാളി സമൂഹത്തിനായി ജീവിതം സമര്‍പ്പിച്ച  ജോസ് കണ്ണങ്കരയുടെ ഓര്‍മ്മകളിലാണ് കുടികൊള്ളുന്നതെന്ന്  പറഞ്ഞു.  അന്തരിച്ച ജോസ് കണ്ണങ്കരയുടെ മകള്‍ രേഷ്മ ജോസ് അദ്ദേഹത്തെക്കുറിച്ചുള്ള സ്നേഹപൂര്‍വമായ ഓര്‍മ്മകള്‍   പങ്കുവെക്കുകയും ചെയ്തു. 

ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ), ലിവര്‍പൂള്‍ ടൈഗേഴ്സ് എന്നിവര്‍ സംയുക്തമായാണ് ഈ കായികമാമാങ്കത്തിന് ആതിഥേയത്വം വഹിച്ചത്. യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മികച്ച പരിശീലനം നേടിയ 5 വനിതാ ടീമുകളും 15 പുരുഷ ടീമുകളും ഉള്‍പ്പെടെ ആകെ 20 ടീമുകളാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ എത്തിയത്.

പുരുഷ വിഭാഗത്തില്‍  ഒന്നാം സ്ഥാനം ലഭിച്ച കെന്റില്‍ നിന്ന് ഉള്ള ടണ്‍ബ്രിഡ്ജ് വെല്‍സ്  ടസ്‌കേഴ്‌സ് ചാമ്പ്യന്മാര്‍ക്ക് 1250 പൗണ്ടും ട്രോഫിയും റോയല്‍ ഡെലിക്കസി ഉടമയുടെ  മകള്‍ മിത്ര സമ്മാനിച്ചു. രണ്ടാം സ്ഥാനം ലഭിച്ച സ്റ്റോക്ക് ലയണ്‍സ് ടീമിന്  850 പൗണ്ടും ട്രോഫിയും ലൈഫ്ലൈന്‍  കൈമാറി. മൂന്നാം സ്ഥാനം ലഭിച്ച ചാലഞ്ചേഴ്‌സ് സാലിസ്ബറിക്ക് 500 പൗണ്ടും ട്രോഫിയും ലിവര്‍പൂള്‍ ടൈഗേഴ്സ് ക്യാപ്റ്റനും ട്രഷററും കൂടി സമ്മാനിച്ചു.  നാലാം സ്ഥാനം ലഭിച്ച കൊമ്പന്‍സ് കാന്റര്‍ബറിക്കു 350 പൗണ്ടും ട്രോഫിയും ലഭിച്ചപ്പോള്‍ അഞ്ചുമുതല്‍ എട്ടാം സ്ഥാനങ്ങള്‍ വരെയുള്ള ടീമുകള്‍ക്ക് പ്രത്യേകമായി 150 പൗണ്ട് വീതം ക്യാഷ് പ്രൈസും ട്രോഫിയും ലഭിച്ചു.

ലീമയുടെ സ്വന്തം വനിതാ ടീം ആവേശകരമായ പ്രകടനത്തിലൂടെ ജോസ് കണ്ണങ്കര മെമ്മോറിയല്‍ ട്രോഫി സ്വന്തമാക്കി, യു.കെ.യിലെ ഏറ്റവും മികച്ച വടംവലി ടീം എന്ന പദവിക്ക് അര്‍ഹരായി.  Oldham and Worcester വനിതാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വനിതാ വിഭാഗത്തില്‍  ഒന്നാം സ്ഥാനക്കാര്‍ക്ക് 500 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 250 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാര്‍ക്ക് 100 പൗണ്ടും ട്രോഫിയും ലഭിച്ചു.

രുചിയുടെ വൈവിധ്യങ്ങള്‍ ഒരുക്കി ഗോള്‍ഡ് മൈന്‍ റെസ്റ്റോറന്റ് രാവിലെ മുതല്‍ തന്നെ  കാണികള്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും മികച്ച ഭക്ഷണം ഒരുക്കിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും ലിമയുടെയും ലിവര്‍പൂള്‍ ടൈഗേഴ്സിന്റെയും നേതൃത്വം നന്ദി അറിയിച്ചു. ഈ ഇവന്റ് ഇത്രയും മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ സഹായിച്ച എല്ലാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കും, മത്സരത്തിന് പ്രോത്സാഹനവുമായി എത്തിയ കാണികള്‍ക്കും, സാമ്പത്തികമായി പിന്തുണച്ച സ്‌പോണ്‍സര്‍മാര്‍ക്കും ലിവര്‍പൂള്‍ മലയാളി അസോസിയേഷനും   ലിവര്‍പൂള്‍ ടൈഗേഴ്സും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.

വടംവലി മത്സരം യു.കെ.യിലെ മലയാളികള്‍ക്കിടയിലെ  സാമൂഹിക കൂട്ടായ്മ കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ സഹായിച്ചതായും, ഇനിയും ഇത്തരം സംരംഭങ്ങള്‍ തുടരുമെന്നും സംഘാടകര്‍ അറിയിച്ചു. യു.കെ. മലയാളി സമൂഹത്തിനിടയില്‍ ഒത്തൊരുമയും കായിക സൗഹൃദവും ശക്തിപ്പെടുത്തുന്ന അടുത്ത വര്‍ഷത്തെ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് യു.കെ. മലയാളി സമൂഹം.

 

മനോജ് ജോസഫ് ചെത്തിപ്പുഴ

 




കൂടുതല്‍വാര്‍ത്തകള്‍.