ബജറ്റില്‍ പ്രോപ്പര്‍ട്ടി ടാക്‌സില്‍ അടിമുടി മാറ്റങ്ങള്‍ വരുമെന്ന ആശങ്കയില്‍ സ്തംഭിച്ച് ഭവനവിപണി. നവംബര്‍ 26ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഏതെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന ആശങ്കയിലാണ് വിപണി 'ചത്തുകിടക്കുന്നത്'.
ആഗസ്റ്റ് അവസാനത്തോടെ നികുതികള്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയതോടെ വീട് വാങ്ങാനെത്തിയ 20 ശതമാനം ആളുകളും പിന്‍വലിഞ്ഞതായി എസ്റ്റേറ്റ് ഏജന്റുമാര്‍ സമ്മതിക്കുന്നു. 500,000 പൗണ്ടിന് മുകളിലുള്ള വീടുകള്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി പിന്‍വലിച്ച് പകരം വാര്‍ഷിക നികുതി ഏര്‍പ്പെടുത്താന്‍ ചാന്‍സലര്‍ പദ്ധതിയിടുന്നുവെന്നാണ് സൂചന.
കൂടാതെ 1.5 മില്ല്യണ്‍ പൗണ്ടിന് മുകളില്‍ മൂല്യമുള്ള വീടുകള്‍ക്കും, വീട് വിറ്റ് ലാഭം നേടുന്നവര്‍ക്കും ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വര്‍ദ്ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ കൗണ്‍സില്‍ ടാക്‌സിലും മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ വാടക കൈപ്പറ്റുന്ന ലാന്‍ഡ്‌ലോര്‍ഡ്‌സിനെ കൊണ്ട് നാഷണല്‍ ഇന്‍ഷുറന്‍സ് അടപ്പിക്കാനും റീവ്‌സ് തയ്യാറായേക്കും.
ഈ അഭ്യൂഹങ്ങളുടെ ഫലമായി 500,000 പൗണ്ടിന് മുകളില്‍ മൂല്യുള്ള വീടുകളെ കുറിച്ച് അന്വേഷിക്കുന്നവരുടെ എണ്ണത്തില്‍ കഴിഞ്ഞ മാസം നാല് ശതമാനം ഇടിവ് നേരിട്ടതായി സൂപ്ല പറയുന്നു. ക്രിസ്മസിന് മുന്‍പ് പുതിയ വീട് വാങ്ങാന്‍ ശ്രമിക്കുന്നവരാണ് ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിപണിയുടെ പ്രതീക്ഷ.