മാഞ്ചസ്റ്റര്‍ സിനഗോഗില്‍ ജൂതന്‍മാരുടെ വിശുദ്ധ ദിനത്തില്‍ ഭീകരാക്രമണം നടത്തിയ കൊലയാളി സംഭവത്തിന് മുന്‍പ് ബലാത്സംഗ കേസില്‍ പെട്ട് ജാമ്യത്തില്‍ ഇറങ്ങിയതായി വിവരം. 35-കാരന്‍ ജിഹാദ് അല്‍ ഷാമി ഈ വര്‍ഷം നടത്തിയ ലൈംഗിക അതിക്രമത്തില്‍ ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിന്റെ അന്വേഷണം നേരിട്ട് വരികയായിരുന്നു. കോടതിയില്‍ ഹാജരാകാന്‍ ഇരിക്കവെയാണ് ഭീകരാക്രമണത്തിന് മുതിര്‍ന്നത്.
കടം കൊണ്ട് പൊറുതിമുട്ടിയ അല്‍ ഷാമിയുടെ വിവാഹബന്ധവും തകരാറിലായിരുന്നു. ആറ് മാസം മുന്‍പ് ഒരു വയസ്സുള്ള കുട്ടിയുമായി ഇയാളുടെ ഭാര്യ വീട് വിട്ടുപോയി. പൈജാമ മാത്രം ധരിച്ച് അയല്‍ക്കാരെ ബുദ്ധിമുട്ട് വരികയായിരുന്നു ഇയാളെന്നാണ് വിവരം. വ്യാഴാഴ്ച ഹീറ്റണ്‍ പാര്‍ക്ക് ഹീബ്രൂ കോണ്‍ഗ്രഗേഷന്‍ സിനഗോഗില്‍ നടന്ന അക്രമത്തിന് പിന്നാലെ പോലീസ് ഇയാളെ വെടിവെച്ച് കൊന്നിരുന്നു.
ഇതിനിടെ സിനഗോഗില്‍ ഭീകരനെ വെടിവെക്കാനെത്തിയ സായുധ പോലീസ് ഒരു ഇരയെ വെടിവെച്ച് കൊന്നതായി വ്യക്തമായി. വ്യാഴാഴ്ച കൊല്ലപ്പെട്ട ഒരാളെ തങ്ങള്‍ വെടിവെച്ചതാണെന്ന് ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് സമ്മതിച്ചു. ഭീകരാക്രമണ ഭീഷണി നേരിടുമ്പോള്‍ പോലീസ് നടപടിയില്‍ മറ്റൊരാള്‍ക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാര്‍ക്ക് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരും.
ക്രംപ്‌സാളിലെ സിനഗോഗിന്റെ വാതിലിന് പിന്നില്‍ നില്‍ക്കുകയായിരുന്ന രണ്ട് പേരാണ് പോലീസിന്റെ വെടിയുണ്ടയ്ക്ക് ഇരകളായത്. അക്രമിയെ പോലീസ് സംഭവസ്ഥലത്ത് വെച്ച് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇയാളുടെ കൈയില്‍ കത്തി മാത്രമാണ് ഉണ്ടായിരുന്നതെന്നതിനാല്‍ മറ്റുള്ളവര്‍ക്ക് വെടിയേറ്റത് പോലീസ് വെടിവെപ്പിലാണെന്നാണ് കരുതുന്നത്. സംഭവം ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് അന്വേഷിക്കും.