സ്‌പെഷ്യല്‍ ബേബി കെയര്‍ യൂണിറ്റില്‍ വെച്ച് മാസം തികയാത്ത സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവ് ചുരുങ്ങിയത് 20 വര്‍ഷം ജയില്‍ശിക്ഷ. 27-കാരനായ ഡാനിയല്‍ ഗണ്ടറാണ് 14 ദിവസം മാത്രം പ്രായമായ ബ്രെന്‍ണ്‍ സ്റ്റാഡോണിന് ഗുരുതര പരുക്കുകള്‍ ഏല്‍പ്പിച്ചത്. തല, കഴുത്ത്, കാല്‍, താടിയെല്ല് തുടങ്ങിയ ഭാഗങ്ങളിലായിരുന്നു പരുക്കുകള്‍.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 5ന് സോമര്‍സെറ്റിലെ യോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റലിലായിരുന്നു ദാരുണ സംഭവം. തൊട്ടിലില്‍ ഗുരുതരമായി പരുക്കേറ്റ നിലയില്‍ ബ്രെന്‍ഡനെ ആശുപത്രി ജീവനക്കാര്‍ കണ്ടെത്തുമ്പോള്‍ പുലര്‍ച്ചെ 4 മണിയോടെ കുഞ്ഞിന്റെ ശരീരം തണുത്ത് പോയതായി അമ്മ 21-കാരി സോഫി സ്റ്റാഡണ്‍ നഴ്‌സുമാരെ അറിയിക്കുകയായിരുന്നു.
33-ാം ആഴ്ചയിലാണ് കുഞ്ഞ് പിറന്നത്. 1.83 കിലോഗ്രാം ഭാരമുണ്ടായിരുന്നു. കുഞ്ഞിനെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും വിജയിച്ചില്ല. ഒരു മണിക്കൂറിനുള്ളില്‍ മരണം സ്ഥിരീകരിക്കുകയും ചെയ്തു. ഡോക്ടര്‍മാരും, നഴ്‌സുമാരും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ മാതാപിതാക്കള്‍ ആശുപത്രിക്ക് പുറത്ത് പുകവലിക്കാന്‍ പോയി. ഏതാനും സമയത്തിന് ശേഷം ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ബ്രിസ്‌റ്റോള്‍ ക്രൗണ്‍ കോടതിയില്‍ നടത്തിയ മൂന്നാഴ്ച നീണ്ട വിചാരണയ്‌ക്കൊടുവില്‍ ഗണ്ടര്‍ കൊലയാളിയാണെന്ന് ജൂറി വിധിച്ചു. സ്റ്റാഡനെ കൊലയ്ക്ക് വഴിയൊരുക്കിയ കേസില്‍ കുറ്റവിമുക്തമാക്കി. കുഞ്ഞിന്റെ ശരീരത്തില്‍ ഏറ്റ പരുക്കുകള്‍ അതീവ ഗുരുതരമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. തലയിലും, കഴുത്തിലും, മുഖത്തും, കൈകാലുകളിലും മാരകമായി പരുക്കേല്‍പ്പിച്ചു. തലയോട്ടിയും, കഴുത്തും തകര്‍ന്ന നിലയിലായിരുന്നു.