
















ബ്രിട്ടന്‍ നല്‍കുന്ന വിസകളില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ഇന്ത്യക്കാര്‍. വിവിധ വിസാ റൂട്ടുകളില്‍ ഇന്ത്യക്കാര്‍ വന്‍തോതില്‍ ബ്രിട്ടനിലെത്തുന്നുണ്ട്. എന്നാല്‍ പുതിയ ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍ വന്നതോടെ ബ്രിട്ടന്‍ ഉപേക്ഷിച്ചത് മടങ്ങുന്ന പട്ടികയിലും ഇന്ത്യക്കാര്‍ മുന്നിലെത്തി.
ഹോം സെക്രട്ടറി വിസാ നിയന്ത്രണങ്ങളും, അവകാശങ്ങളും കടുപ്പിച്ച് പ്രഖ്യാപനങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് യുകെയുടെ മൈഗ്രേഷന്‍ ഡാറ്റ പ്രസക്തമാകുന്നത്. യുകെയിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍കുറവ് നേരിട്ടു. 2025 ജൂണ്‍ അവസാനം വരെയുള്ള വര്‍ഷത്തില്‍ രാജ്യത്ത് തങ്ങുന്ന വിദേശികളുടെ എണ്ണത്തില്‍ 204,000 പേരുടെ കുറവുണ്ട്.
യുകെയില്‍ പ്രവേശിക്കുന്നവരും, മടങ്ങുന്നവരും തമ്മിലുള്ള വ്യത്യാസമാണ് നെറ്റ് മൈഗ്രേഷന്‍. ഉയര്‍ന്ന മൈഗ്രേഷന്‍ ഹൗസിംഗ്, ഹെല്‍ത്ത്‌കെയര്‍, ലോക്കല്‍ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് ഗവണ്‍മെന്റ് നയം. ഏറ്റവും പുതിയ കണക്കുകളില്‍ വിദേശികള്‍ വന്‍തോതില്‍ യുകെ ഉപേക്ഷിച്ച് മടങ്ങുന്നുണ്ട്.
യുകെയില്‍ നിന്നും മടങ്ങുന്ന ആളുകളുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യക്കാരാണ്. 45,000 പേരെങ്കിലും സ്റ്റഡി വിസയിലുള്ളവരാണ്. 22,000 പേര്‍ വര്‍ക്ക് വിസയും, 7000 പേര്‍ മറ്റ് വിസകളും ഉള്ളവരാണ്. ചൈനീസ് പൗരന്‍മാരാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം യുകെയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും ഇന്ത്യക്കാര്‍ ഒന്നാമത് തുടരുന്നു. 90,000 സ്റ്റഡി വിസ, 46,000 വര്‍ക്ക് വിസ എന്നിവയാണ് ഇന്ത്യക്കാര്‍ക്ക് ലഭിച്ചത്. യുകെയിലെത്തുന്ന ഇയു ഇതര പൗരന്‍മാരില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ പുറമെ പാകിസ്ഥാന്‍, ചൈനീസ്, നൈജീരിയന്‍ പൗരന്‍മാരാണെന്ന് ഒഎന്‍എസ് കൂട്ടിച്ചേര്‍ത്തു.