
















ഈ വിന്ററിലും എന്‍എച്ച്എസ് എ&ഇയിലെത്തുന്ന രോഗികള്‍ക്ക് ഒരു ആശ്വാസം കിട്ടില്ല. എന്നുമാത്രമല്ല 12 മണിക്കൂറിലേറെ ട്രോളികളില്‍ തന്നെ ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരും. ഈ കണക്കുകള്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് ഇപ്പോള്‍ ആശങ്ക. എന്നാല്‍ ഈ പ്രതിസന്ധി വരുന്നുവെന്ന മുന്നറിയിപ്പിന് ചെവികൊടുക്കാതെ, കണ്ണുംപൂട്ടി നീങ്ങുകയാണ് ലേബര്‍ ഗവണ്‍മെന്റ്.
ജനുവരി മുതല്‍ ഒക്ടോബര്‍ വരെ മാസങ്ങളില്‍ 452,000-ലേറെ രോഗികളാണ് 12 മണിക്കൂറും, അതിലേറെയും സമയം ഒരു ബെഡ് കിട്ടാനായി കാത്തിരുന്നത്. ഇവരുടെ രോഗം വളരെ കൂടുതലാണെന്ന് തിരിച്ചറിഞ്ഞ് വാര്‍ഡില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍മാരുടെ അനുമതി ലഭിച്ച ശേഷമാണ് ഈ ദുരവസ്ഥ.
2016-ലെ ആദ്യ പത്ത് മാസങ്ങളില്‍ കേവലം 1590 പേര്‍ അനുഭവിച്ച ദുരിതമാണ് ഈ വിധം കുതിച്ചുയര്‍ന്നത്. രോഗികള്‍ക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് എന്‍എച്ച്എസ് ഇവരെ കൈവിടുകയാണെന്ന് റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്‍ പ്രസിഡന്റ് ഡോ. ഇയാന്‍ ഹിഗ്ഗിന്‍സണ്‍ ചൂണ്ടിക്കാണിച്ചു. ഇതിന്റെ ഫലമായി രോഗികള്‍ മരണപ്പെടുകയാണ്.
എ&ഇയില്‍ എന്താണ് സംഭവിക്കുന്നതെന്ന് രാഷ്ട്രീയക്കാര്‍ കണ്ണുതുറന്ന് കാണണം. ബുദ്ധിമുട്ടേറിയ സീസണിലേക്ക് കടക്കുമ്പോള്‍ സ്ഥിതി തകര്‍ച്ചയുടെ വക്കിലാണ്, അദ്ദേഹം പറയുന്നു. ആശുപത്രികളില്‍ നിന്നും ആരോഗ്യം വീണ്ടെടുത്ത രോഗികളെ പുറത്തയക്കാന്‍ കൂടുതല്‍ സ്റ്റാഫ്ഡ് ബെഡും, സോഷ്യല്‍ കെയറും, സപ്പോര്‍ട്ടിംഗ് സര്‍വ്വീസും വേണം. എമര്‍ജന്‍സി കെയറിലേക്ക് രാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയക്കാര്‍ കണ്ണുതുറന്ന് നോക്കണം, ഡോ. ഇയാന്‍ ഹിഗിന്‍സണ്‍ ആവശ്യപ്പെടുന്നു.