
















കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ ദിഗ്വിജയ് സിങ്ങിന്റെ ആവശ്യത്തെ പിന്തുണച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാര്‍ട്ടിയില്‍ വാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഞങ്ങള്‍ സുഹൃത്തുക്കളാണ്. സംഭാഷണം നടത്തുന്നത് സ്വാഭാവികമാണ്. സംഘടന ശക്തിപ്പെടുത്തണം. അതില്‍ ഒരു സംശയവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആര്‍എസ്എസിനെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല.
ബിജെപിയും ആര്‍എസ്എസും താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ സംഘടനയ്ക്കുള്ളില്‍ വളരാനും മുഖ്യമന്ത്രി, പ്രധാനമന്ത്രി തുടങ്ങിയ ഉന്നത പദവികളിലേക്ക് എത്താനും അനുവദിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ദിഗ് വിജയ് സിങ് അഭിപ്രായപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയുടെ അടുത്ത് തറയില്‍ ഇരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. പിന്നാലെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി.
വിവാദമായതോടെ ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ എതിരാളികളാണെന്നും അദ്ദേഹം വിശദീകരിച്ചു. ഒരാഴ്ച മുമ്പ് അദ്ദേഹം നടത്തിയ മറ്റൊരു പരാമര്‍ശവും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ടാഗ് ചെയ്തുകൊണ്ട് കോണ്‍ഗ്രസിനുള്ളില്‍ പരിഷ്‌കാരങ്ങളുടെയും അധികാര വികേന്ദ്രീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ച് അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു.