
















പ്രണയ ബന്ധത്തെ എതിര്‍ത്ത പിതാവിന് ഉറക്കഗുളിക കൊടുത്ത് മയക്കി മകള്‍. പിന്നാലെ കാമുകന് കുത്തിക്കൊന്നു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 45 കാരനായ ഷന ചാവ്ഡയാണ് കൊല്ലപ്പെട്ടത്. ഫോണ്‍ കോളിനോട് പ്രതികരിക്കാതായതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചുവന്നപ്പോള്‍ ഷന ചാവ്ഡ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
ഷന ചാവ്ഡയുടെ 17 വയസ്സു പ്രായമുള്ള മകള്‍ 25 കാരനായ രഞ്ജിത്ത് വഘേല എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. മകള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പിതാവ് പ്രണയത്തെ എതിര്‍ത്തു. ഇതേ തുടര്‍ന്ന് മകള്‍ക്കും ആണ്‍സുഹൃത്തിനും ഷന ചാവ്ഡയോട് പകയുണ്ടായിരുന്നു.
പെണ്‍കുട്ടി രാത്രി ഭക്ഷണത്തില്‍ ഉറക്ക ഗുളിക ചേര്‍ത്ത് പിതാവിനെ മയക്കിയ ശേഷം കാമുകന്‍ രഞ്ജിത്ത് വഘേലയേയും സുഹൃത്തായ ഭവ്യ വാസവയേയും വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഷന ചാവ്ഡയെ വീടിന് പുറത്തേക്ക് എടുത്തുകൊണ്ടുപോവുകയും കുത്തി കൊലപ്പെടുത്തുകയും ചെയ്തു. ജനലിലൂടെ കൊലപാതകം കണ്ടുനിന്ന് പിതാവ് മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷമാണ് പെണ്‍കുട്ടി കിടക്കാന്‍ പോയത്.
മുമ്പും മാതാപിതാക്കളെ വിഷം കൊടുത്ത് കൊല്ലാന്‍ പെണ്‍കുട്ടി ശ്രമിച്ചിട്ടുണ്ട്. കൊലപാതകത്തിന് രണ്ടുദിവസം മുമ്പ് ഉറക്കഗുളിക കലര്‍ത്തി ഇരുവരേയും കൊല്ലാന്‍ ശ്രമിച്ചു. പക്ഷേ ആ പദ്ധതി പരാജയപ്പെട്ടു. കൊലപാതകം നടന്ന ദിവസം ഉറക്ക ഗുളിക കലര്‍ത്തിയ വെള്ളം അമ്മ തുപ്പികളഞ്ഞതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു.