
















പൂനെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജയിലിലുള്ള ഗുണ്ടാ നേതാവും കുടുംബവും. ചെറുമകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഗുണ്ടാനേതാവ് ബണ്ടു അന്ധേക്കര്‍ ആണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഇതേ കേസില്‍ പ്രതികളായ അന്ധേക്കര്‍ സഹോദര ഭാര്യയും മരുമകളും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
കനത്ത പോലീസ് സുരക്ഷയിലാണ് ബണ്ടു അന്ധേക്കര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പുറപ്പെട്ടത്. മുഖം മറച്ച്, മുന്നിലും പിന്നിലും പോലീസുകാരുടെ അകമ്പടിയോടെയാണ് അന്ധേക്കറിനെ കൊണ്ടുപോയത്. ഇതിനിടെ ഗുണ്ടാനേതാവ് അവിടെയുള്ള മാധ്യമങ്ങളെയും ജനങ്ങളെയും കൈ ഉയര്‍ത്തിക്കാണിച്ച് അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു. സ്വയം മുദ്രാവാക്യങ്ങളും വിളിക്കുന്നുണ്ടായിരുന്നു.
പൂനെയിലെ പ്രത്യേക കോടതിയാണ് ബണ്ടു അന്ധേക്കറിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി നല്‍കിയത്. സഹോദരഭാര്യ ലക്ഷ്മി അന്ധേക്കര്‍ മരുമകള്‍ സൊനാലി അന്ധേക്കര്‍ എന്നിവരും കോടതിയുടെ അനുമതിയോടെയാണ് മത്സരിക്കുന്നത്. യേറെവാഡ ജയിലിലാണ് മൂവരും കഴിയുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായാണ് മത്സരിക്കുന്നത്.
സെപ്റ്റംബര്‍ 5നായിരുന്നു തന്റെ ചെറുമകനായ ആയുഷ് കോംകാറിനെ ബണ്ടു അന്ധേക്കര്‍ കൊലപ്പെടുത്തിയത്. എന്‍സിപി നേതാവും ബണ്ടുവിന്റെ മകനുമായ വന്‍രാജ് അന്ധേക്കറിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു ആയുഷിന്റെ കൊലപാതകം. ആയുഷിന്റെ അച്ഛനായ ഗണേഷ് കോംകാര്‍ ആണ് വന്‍രാജ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് കരുതപ്പെടുന്നത്. ഇതിന്റെ പകയാണ് സ്വന്തം ചെറുമകനായ ആയുഷിനെ കൊല്ലാന്‍ ബണ്ടുവിനെ പ്രേരിപ്പിച്ചത്.