
















ഇംഗ്ലണ്ടില്‍ മുഴുവന്‍ അപൂര്‍വ്വ തണുപ്പ് ആരോഗ്യ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആര്‍ട്ടിക് ഫ്രീസ് പുതുവര്‍ഷത്തില്‍ അടിച്ചെത്തിയതോടെ ചില ആളുകള്‍ മരണപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്.
കൊടുംതണുപ്പ് രൂക്ഷമാകുന്നതിനിടെ ഇത് ഒരാഴ്ചയോളം നീണ്ടുനില്‍ക്കുമെന്നാണ് ഇപ്പോള്‍ പ്രവചിക്കപ്പെടുന്നത്. ഇതിനകം താപനില -10 സെല്‍ഷ്യസിലേക്ക് താഴ്ന്നിട്ടുണ്ട്. യുകെയില്‍ ലണ്ടനില്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ മഞ്ഞും, ഐസും എത്തുമെന്നാണ് പ്രവചനങ്ങള്‍.
ഇംഗ്ലണ്ടിലെ എല്ലാ മേഖലകളിലും ആംബര്‍ തണുപ്പ് ഹെല്‍ത്ത് അലേര്‍ട്ടാണ് പ്രാബല്യത്തിലുള്ളത്. ഈ മുന്നറിയിപ്പ് ജനുവരി 6 വരെ തുടരും.
മുന്നറിയിപ്പിന്റെ നിലവാരം ഏറെ ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ സുപ്രധാന ആഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റ് വ്യക്തമാക്കുന്നത്. കൂടാതെ 65 വയസ്സിന് മുകളിലുള്ള ആളുകളില്‍ മരണസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ചെറുപ്പക്കാരിലും അപകടസാധ്യത നിലനില്‍ക്കുന്നു. 
18 ഡിഗ്രിക്ക് മുകളില്‍ വീടുകള്‍ ചൂടാക്കി വെയ്ക്കാനാണ് ഉപദേശമെങ്കിലും ഇത് ബുദ്ധിമുട്ടായി മാറുമെന്നും പറയപ്പെടുന്നു. ആശുപത്രികള്‍, കെയര്‍ ഹോമുകള്‍ പോലുള്ള സുപ്രധാന സംവിധാനങ്ങളിലും താപനില താഴുമെന്നാണ് ആശങ്ക. യാത്രാ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ വിവിധ മേഖലകളില്‍ ജീവനക്കാര്‍ എത്തിച്ചേരുന്നത് ബുദ്ധിമുട്ടാകുകയും, സേവനങ്ങളില്‍ പ്രശ്‌നങ്ങള്‍ നേരിടാനും ഇടയുണ്ട്.
യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും സംയുക്തമായാണ് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലാണ് തണുപ്പ് മുന്നറിയിപ്പുള്ളതെങ്കിലും വെയില്‍സ്, സ്‌കോട്ട്‌ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളും തണുപ്പില്‍ നിന്നും രക്ഷപ്പെടില്ല. യുകെയിലെ നാല് മേഖലകളിലും വരും ദിനങ്ങളില്‍ മഞ്ഞും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്.