
















പഠിച്ചത് ചെയ്യുക. അതിനുള്ള സമയം കിട്ടാതെ വരുമ്പോള്‍ നിസ്സഹായരാവുക. അതാണ് ഇപ്പോള്‍ എന്‍എച്ച്എസില്‍ ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ നേരിടുന്നത്. രോഗികള്‍ക്ക് വേഗത്തില്‍ ചികിത്സ ആവശ്യമാണ്. എന്നാല്‍ പരിമിതമായ അവസ്ഥയില്‍ ഇതൊന്നും നല്‍കാന്‍ ഇവര്‍ക്ക് സാധിക്കാതെ പോകുന്നു. ഇത് രോഗികളുടെയും, ബന്ധുക്കളുടെയും രോഷത്തിനും, ചിലപ്പോള്‍ അതിക്രമങ്ങള്‍ക്കും കാരണമാകുന്നു. അതിന് ഇരയാകേണ്ടി വരുന്നത് അവരെ സഹായിക്കാന്‍ ശ്രമിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒരു മെഡിക്കല്‍ ട്രസ്റ്റില്‍ മാത്രം 8000-ലേറെ അതിക്രമ സംഭവങ്ങളും, ഭീഷണികളും നേരിട്ടുവെന്നാണ് ഞെട്ടിക്കുന്ന കണക്ക്.
ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച ഡാറ്റയില്‍ ജീവനക്കാര്‍ക്ക് എതിരായ അതിക്രമങ്ങളുടെയും, ഭീഷണികളുടെയും എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണ്ടെത്തല്‍. 2022-ലെ നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 എത്തുമ്പോള്‍ 15,000-ലേറെ കേസുകള്‍ വര്‍ദ്ധിച്ചു.
കഴിഞ്ഞ ദിവസം മേഴ്‌സിസൈഡില്‍ ന്യൂട്ടണ്‍ കമ്മ്യൂണിറ്റി ഹോസ്പിറ്റലില്‍ അപ്പോയിന്റ്‌മെന്റ് കിട്ടാതെ പോയതിന് ജീവനക്കാരെയും, രോഗികളെയും അക്രമിച്ച അഫ്ഗാന്‍ പൗരന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യഥാര്‍ത്ഥ തോത് വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്. മാര്‍ച്ചില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ട് പങ്കുവെച്ച കണക്കുകളില്‍ ഏഴിലൊന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികളുടെയും, ബന്ധുക്കളുടെയും ഭാഗത്ത് നിന്ന് അതിക്രമങ്ങള്‍ക്ക് ഇരയാകുന്നതായി സമ്മതിച്ചിരുന്നു.